ഭാരതം ത്യാഗത്തിന്റെ നാട്; മാര്‍ യൂലിയോസ് മെത്രോപോലിത്ത
ലോകത്തിന് മുഴുവന്‍ മാതൃകയായ ഭാരതം ത്യാഗത്തിന്റെ നാടാണെന്ന് നാഷണല്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ സായി സഞ്ജീവനി ട്രസ്റ്റ് സംഘടപ്പിച്ച ഓണം ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ പരിപൂര്‍ണതയെ ഉദ്‌ഘോഷിച്ച പാരമ്പര്യമാണ് ഈ നാടിനുള്ളത്. നമ്മുടെ വേദോപനിഷത്തതുകളും പുരാണങ്ങളും അവതാര പുരുഷന്മാരുടെ വചനങ്ങളും എല്ലാം തന്നെ ഈശ്വരന്റെ ആ മഹത്വത്തെയാണ് വാഴ്ത്തിയതെന്ന് ഈശോവാസ്യോപനിഷത്തിലെ സൂക്തങ്ങള്‍ ഉദ്ദരിച്ചുകൊണണ്ട് അദ്ദേഹം പറഞ്ഞു. ഈ ത്യാഗത്തിന്റെ സന്ദേശമാണ് ഓണത്തിന്റേയും മഹാബലിയുടേയും. മഹാബലി എന്നുപറയുമ്പോള്‍ ആ ജീവിതത്തില്‍ മഹത്തായ ഒരു ബലികര്‍മ്മം നടന്നിട്ടുണ്ട്. ആ ത്യാഗം തന്നെയാണ് ശ്രേഷ്ഠമായതെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. ചടങ്ങില്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. ആചാര്യ സി.പി. നായര്‍ ഓണസന്ദേശം നല്‍കി. നവാഗത സംവിധായകന്‍ കൃഷ്ണദാസ് മുരളി, ഒമാന്‍ ട്രേഡ് കമ്മീഷണര്‍ ഡോ. സന്തോഷ് ഗീവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വി.പി. ഉണ്ണി കൃഷ്ണന്‍ , പ്രശാന്ത് വര്‍മ്മ മാനസജപലഹരി എന്നിവര്‍ സംസാരിച്ചു.
രേണുക ശങ്കര്‍ സ്വാഗതവും അശ്വതി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. സായി ശങ്കരി നൃത്ത സംഘം അവതരിപ്പിച്ച തിരുവാതിരക്കളി, കൃഷ്ണനൃത്തങ്ങള്‍, പൂക്കള മത്സരം എന്നിവ നടന്നു. പലചരക്ക്, പച്ചക്കറി ഉള്‍പ്പെടെ സമ്പൂര്‍ണ്ണ ഓണക്കിറ്റ് 150 കുടുംബങ്ങള്‍ക്കും, നിരവധി പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു. ഓണ സദ്യയും ഉണ്ടായിരുന്നു




