തിരുവോണത്തിന്റെ വാമനപക്ഷം
ഹിരണ്യകശിപുവിന്റെ മരണാനന്തരം പ്രഹ്‌ളാദന്‍ വളര്‍ന്നപ്പോള്‍ അസുരചക്രവര്‍ത്തിയായി. അദ്ദേഹം ഭഗവാന്റെ ഭക്തനായതിനാല്‍ അതിശക്തനും കൂടിയായിരുന്നു. വളരെ കാലം ത്രിലോകങ്ങളും ഭരിച്ചശേഷം സ്വര്‍ഗ്ഗം സ്വമേധയാ ദേവന്‍മാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് പ്രഹ്‌ളാദപുത്രനായ വിരോചനന്റെ മകന്‍ ബലി അതീവബലവാനും ധര്‍മ്മബോധമുള്ളവനും ഭക്തനുമായിരുന്നു. തന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ ബലിയും മൂന്നു ലോകങ്ങളും കീഴടക്കി. ദേവന്മാര്‍ സ്വര്‍ഗ്ഗം നഷ്ടപ്പെട്ട് വളരെക്കാലം അലഞ്ഞു. ഇതില്‍ ദുഃഖിതയായ ദേവമാതാവ് അദിതി മഹാവിഷ്ണുവിനെ ആരാധിച്ചു. ഭഗവാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ പുത്രന്മാര്‍ക്ക് ദേവലോകം തിരിച്ചുനല്‍കണമെന്ന് അപേക്ഷിച്ചു. അപ്പോള്‍ ഭഗവാന്‍ പറഞ്ഞു, ”വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ മഹാബലി എന്റെ ഭക്തനാണ്. മാത്രവുമല്ല അവന് അനുവദിച്ചുകൊടുത്ത കാലം തിരിച്ചെടുക്കാന്‍ പറ്റില്ല. അതിനാല്‍ ബലിയ്ക്ക് അനുവദിച്ച കാലം കഴിയുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. ആ സമയമാകുമ്പോള്‍ ഞാന്‍ നിങ്ങളുടെ പുത്രനായി ജനിച്ച് ദുഖനിവൃത്തി വരുത്താം.” അങ്ങനെയാണ് വാമനാവതാരം ഉണ്ടാകുന്നത്.
ഒരു ഭാഗത്ത് ദേവമാതാവായ തന്റെ ഭക്തയുടെ ദുഖമകറ്റണം. മറുവശത്ത് തന്റെ ഭക്തനായ ബലിയെ വേദനിപ്പിക്കരുത്. ബലിയുമായി യുദ്ധം ചെയ്യുക എന്നത് ഭഗവാന് ചിന്തിക്കുവാന്‍ കഴിഞ്ഞില്ല. ഭക്തനെ ഭഗവാന്‍ രക്ഷിക്കേണ്ടവനാണല്ലോ. പക്ഷെ സ്ഥിതിപാലകനായ തനിക്ക് ഇതില്‍ ഇടപെടാതിരിക്കാനുമാവില്ല. അതിനാല്‍ യുദ്ധം ഒഴിവാക്കി ബലിയോട് എല്ലാം യാചിച്ചുവാങ്ങാം എന്ന് അദ്ദേഹം തീരുമാനിച്ചു. മത്രവുമല്ല ബലിയുടെ വിശ്വജിത്ത് യാഗത്തിന് പൂര്‍ണ്ണ ഫലപ്രാപ്തിയും നല്കാം. സ്ഥിതപാലകനായ മഹാവിഷ്ണു തന്റെ ഭക്തനായ ബലിയുടെ മുന്നില്‍ യാചനാപാത്രവുമായി വന്നു. മൂന്നടി മണ്ണ് യാചിച്ചു. അളന്നെടുത്തോളൂ എന്നായി ബലിചക്രവര്‍ത്തി. അപകടം മനസ്സിലാക്കിയ ബലിയുടെ ഗുരു ശക്രാചാര്യര്‍ പറഞ്ഞു, ബലീ, ഈ നില്‍ക്കുന്നത് ഒരു ബാലനല്ല, സാക്ഷാല്‍ മഹാവിഷ്ണുവാണ്. നീ പറഞ്ഞ വാക്ക് പിന്‍വലിക്കുക, അല്ലെങ്കില്‍ നിനക്ക് മൂന്ന് ലോകങ്ങളും നഷ്ടപ്പെടും.” അപ്പോള്‍ അത്യധികം സന്തോഷത്തോടെ ബലിചക്രവര്‍ത്തി പറഞ്ഞു, ”ഭഗവാനാണെങ്കില്‍ പിന്നെ കൂടുതല്‍ ആലോചിക്കാനില്ല. ഈ യാഗം തന്നെ അദ്ദേഹത്തിനായാണ് നടത്തുന്നത്. പിന്നെ കൊടുക്കാന്‍ എന്തിനാണ് മടിക്കുന്നത്?” ഇതു കേട്ട് കോപം വന്ന അസുര ഗുരു നിനക്ക് എല്ലാം നഷ്ടപ്പെടട്ടെ എന്ന് ശപിച്ചു. വാമനന്‍ വളര്‍ന്ന് വലുതായി രണ്ടടി അളന്നപ്പോള്‍ മൂന്നു ലോകങ്ങളും കഴിഞ്ഞു. മൂന്നാമത്തെ അടി വെയ്ക്കാന്‍ സ്ഥലമില്ലാതായപ്പോള്‍ ബലി തന്റെ ശിസ്സ്താഴ്ത്തി ഭഗവാനോട് പദങ്ങള്‍ അതില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ടു.
പക്ഷെ ഭഗവാന്‍ അതിനപകരം ബലിയെ വരുണപാശത്താല്‍ ബന്ധിച്ചിട്ട് ഇപ്രകാരം പറഞ്ഞു, ”നീ ദേവന്മാര്‍ക്കുപോലും അപ്രാപ്യമായ സുതലോകത്തിന്റെ അധിപനായി വാഴുക. അവിടെ നിന്നെ സകല ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ ഞാന്‍ സ്വയം നിന്റെ ഗോപുരവാതിലില്‍ കാവല്‍ക്കാരനായി നിലകൊള്ളും. കൂടാതെ അടുത്ത മന്വന്തരത്തില്‍ നിന്നെ ഇന്ദ്രനായി വാഴിക്കും. അതോടെ നിന്റെ വിശ്വജിത്ത് യാഗം ഫലവത്താകും.” ഇതു പറഞ്ഞപ്പോള്‍ അവിടെ എത്തിയിരുന്ന ബ്രഹ്‌മാവ് ചോദിച്ചു, എന്തിനാണ് എല്ലാം നഷ്ടപ്പെട്ട ബലിയെ ബന്ധിച്ചിരിക്കുന്നത്? ഭഗാന്‍ പറഞ്ഞു,”ഒഴുച്ചുകൂടാനാകാത്ത ചുറ്റുപാടുകളിലാണ് ബലിക്ക് എല്ലാം നഷ്ടപ്പെടുന്നത്. എന്നാല്‍ എന്റെ ഭക്തന്‍ അങ്ങിനെ എന്റെ മുന്നില്‍ പരാജയപ്പെടാന്‍ പാടില്ല. ഭാവിയില്‍ ഈ ബലി കീര്‍ത്തിമാനാകണം. എന്റെ ഈ പ്രവര്‍ത്തിമൂലം ആളുകള്‍ എന്നെ കുറ്റപ്പെടുത്തിയേയ്ക്കാം. പക്ഷെ ബലിയെ എല്ലാവരും വാഴ്ത്തും.” വിധിവശാല്‍ എല്ലാം നഷ്ടപ്പെടുമ്പോഴും പകരം പലതും നല്‍കാനുളള വിധിയെ രചിക്കുക എന്നതാണ് എന്നും സ്ഥിതിപാലകാനായ മഹാവിഷ്ണുവിന്റെ പ്രവര്‍ത്തനരീതിയെന്ന് പുരാണങ്ങളില്‍ കാണാം. ഭഗാന്റെ ആഗ്രഹപ്രകാരം ഇപ്പോഴും നാം ഭഗവാനെപ്പോലെത്തന്നെ മഹാബലിയുടെ മഹത്തായ ബലികര്‍മ്മത്തെ വാഴ്ത്തുന്നു. അതിനപ്പുറം ചിലര്‍ ഭഗാവാനെ കുറ്റപ്പെടുത്തുകയും ബലയെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. അവരെ കുറ്റം പറയരുത് അവര്‍ ഭഗവാന്റെ ആഗ്രഹം നിറവേറ്റുന്നവരാണ്.




