ലക്ഷ്മീദേവിയുടെ നിറസാന്നിധ്യമായി ഇല്ലം നിറ
നാക്കിലകള്ക്ക് മുകളില്‍ ആവണപലകയിട്ട് അതിന്മേല് കതിരുകള്‍ നിരത്തി. സ്ഥിതിപാലകനായ മഹാവിഷ്ണുവിനൊപ്പം ഭക്തരെ അനുഗ്രഹിക്കുന്ന ലക്ഷ്മീദേവിയെ നെല്ക്കതിരിലേയ്ക്ക് ആവാഹിച്ചു. പൂജിച്ച ശേഷം ദേവിയെ ഭഗവദ് സന്നിധിയിലേയ്ക്ക ആനയിച്ചുകൊണ്ടുപോയി. ക്ഷേത്രത്തിലെ ദേവനൊപ്പം ലക്ഷ്മീദേവിയും എത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രം അക്ഷരാര്‍ത്ഥത്തില്‍ വൈകുണ്ഠമായി. ഭക്തര്‍ക്കെല്ലാം ഐശ്വര്യദേവതയുടെ അനുഗ്രഹം. തന്റെ ദിവ്യസാന്നിധ്യത്താല്‍ പവിത്രമാക്കപ്പെട്ട നെല്‍ക്കതിരുകള്‍ ദേവീ പ്രസാദം. അത് വീടുകളില്‍ എത്തുന്നതോടെ അവിടം ഐശ്വര്യപൂര്‍ണ്ണം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലം നിറ ചടങ്ങുകള്‍ക്ക് സമാപനമായി.
ഈ വര്‍ഷത്തെ ലക്ഷ്മീപൂജ നാലമ്പലത്തിന് പുറത്ത് വെച്ചാണ് നടത്തിയത്. കൂടതല്‍ സ്ഥലസൗകര്യം കണക്കിലെടുത്തും സമയലാഭത്തിനുവേണ്ടിയുമാണ് ദേവസ്വം ഈ ചടങ്ങ് പുറത്തേയ്ക്ക് മാറ്റിയത് എന്നാണ് പറയുന്നത്. അതേ സമയം ഇതിനെതിരായി തന്ത്രികുടുംബത്തില്‍ പെട്ട ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നു എന്ന ആക്ഷേപങ്ങളും ഉണ്ടായി. കോടതി ഇക്കാര്യത്തില്‍ ഇടപെടാത്ത നിലപാടെടുത്തതോടെയാണ് ചടങ്ങ് പുറത്ത് നടത്തുവാനുള്ള വഴിയൊരുങ്ങിയത്.




