ലക്ഷ്മീസാന്നിധ്യത്തിന്റെ ഇല്ലം നിറ
സംസ്കൃതഭാഷയിലെ ഇല് എന്നതില്‍ നിന്നാണ് ഇല്ലം എന്ന വാക്കുണ്ടായത്. ”ഇലതി” എന്നാല്‍ കിടക്കുക, ഉറങ്ങുക എന്നൊക്കെയാണ് അര്‍ത്ഥം. ഇല്ലം എന്നാല്‍ ഉറങ്ങുന്ന ഇടം, വീട് എന്നെല്ലാം മനസ്സിലാക്കാം. വീടിനെ നിറയ്ക്കുകയാണ് ഇല്ലം നിറ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരിതങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കി ഐശ്വര്യത്തെ നിറക്കുകയാണ് ഇല്ലം നിറ എന്ന അനുഷ്ഠാനം. ശ്രീ ഭഗവതിയെ അതായ് ലക്ഷ്മീദേവിയെ വീട്ടില്‍ കുടിയിരുത്തുന്ന ആചാരമാണ് ഇല്ലം നിറ എന്നു പറയാം. ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കുകയും ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ഈ അനുഷ്ഠാനം ചില വ്യത്യാസങ്ങളോടെ കേരളത്തന്റെ വിവിധ ദേശങ്ങളില്‍ ആചരിക്കാറുണ്ട്. ”പൊട്ടിയെ ആട്ടുക” എന്നൊരാചാരം ഇല്ലം നിറയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ട്. പാണസമുദായത്തിലെ ചില കുടുംബങ്ങളില്‍ ഉള്ളവര്‍ തുയിലുണര്‍ത്തു പാട്ടിനൊപ്പം പൊട്യാട്ടിക്കളി എന്നൊരു അനുഷ്ഠാനകലകൂടി വീടുകളിലെത്തി അവതരിപ്പിക്കാറുണ്ട്. തുള്ളല്‍ക്കലയുടെ ആദിമരൂപം പോലെ തോന്നിപ്പിക്കുന്നതാണ് പൊട്യാട്ടിക്കളിയുടെ താളവും വേഷവും ചുവടുകളും. ഗുരുവായുരിനടുത്തുള്ള തമ്പുരാന് പടിയിലെ കൃഷ്ണനും അദ്ദേഹത്തിന്റെ പത്നിയും ഉടുക്കു കൊട്ടി ഈ അടുത്താകാലം വരെ ഇത് അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ ലക്ഷ്മീ ദേവിയുടെ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. പക്ഷെ അതിനു പകരം കുടുംബങ്ങളില്‍ മഹാലക്ഷ്മി മഹാകാളി മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങള്‍ ഒന്നായി ചേര്‍ന്ന ഭൂവനേശ്വരീ പൂജ വീടുകളില്‍ പണ്ടു മുതല്ക്കേ ഉണ്ട്. അതില്‍ ലക്ഷ്മീഭാവത്തിലുള്ള ദേവിയെ വര്‍ഷത്തില്‍ ഒരിക്കല്‍ പൂജിക്കുകയാണ് ഇല്ലം നിറയുടെ അനുഷ്ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരാധനയ്ക്ക് വിഗ്രഹങ്ങളോ മറ്റ് ഉപാധികളോ ആദ്യകാലങ്ങള്‍ മുതല്‍ ഉപയോഗിക്കാറില്ല. പകരം ഐശ്വര്യദേവതയുടെ ചിഹ്നമായി നെല്‍ക്കതിരാണ് ദേവീയ്ക്ക് സാന്നിധ്യം ചെയ്യാനുള്ള ഉപാധി. നെല്ക്കതിര് പൂജിച്ച ശേഷം അത് വീടിന്റെ മുന്‍വാതിലിനുമുന്നില്‍ മുകളിലായി പശുവന് ചാണകത്തില്‍ ഒട്ടിച്ചുവെയ്ക്കുക പതിവാണ്. ആ കതിര് മാസങ്ങളോളം അവിടെ ഇരിക്കും. കാര്‍ഷിക കേരളത്തിന്റെ ഏറ്റവും വലിയെ സമ്പത്തായിരുന്നു ഒരു കാലത്ത് നെല്ല്. ചിങ്ങത്തിലും മകരത്തിലുമായിരുന്നു അതിന്റെ കൊയ്ത്തുകാലം. പുതവര്ഷപ്പിറവിയായ ചിങ്ങമാസത്തില്‍ കൊയ്ത്തു കഴിഞ്ഞ് നെല്‍ക്കറ്റകള്‍ വീടുകളില്‍ എത്തുമ്പോള്‍ വീട്ടില്‍ ലക്ഷ്മീദേവിയെ വീട്ടില്‍ ആവാഹിച്ചിരുത്തുകയാണ് ഇല്ലം നിറയിലൂടെ സാധ്യമാക്കുന്നത്.




