ഹൈന്ദവശാക്തീകരണത്തിന് കാലമായി; സ്വാമി ആനന്ദവനം ഭാരതി മഹാരാജ്
ഗുരുവായൂര്‍: സനാതന ധര്‍മ്മത്തിന്റെ ശക്തി പ്രകടിതമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നതെന്ന് കാളികാ പീഠം ജുനാ അഖാഡ കേരളത്തിന്റെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രസ്താവിച്ചു. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്യാസിമഠങ്ങളും ക്ഷേത്രങ്ങളും ആത്മീയകേന്ദ്രങ്ങളും അവഹേളിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് അനുവദിക്കാനാകില്ല. ഇത്തരം അധാര്‍മികവും ആസുരികവുമായ പ്രവൃത്തികളെ ചെറുത്തു തോല്പിക്കുക എന്നൊരു ദൗത്യം നമുക്കു മുന്നിലുണ്ട്. ധര്‍മ്മരക്ഷണത്തിനായി രുദ്രാക്ഷമാലയും ആയുധവും കയ്യിലെടുത്ത ഉജ്വലമായൊരു പൈതൃചരിതം ഭാരതത്തിലെ അഖാഡകള്‍ക്കുണ്ട്. കേരളത്തില്‍ ഇന്ന് ഇത്തരം അധാര്‍മ്മിക പ്രവൃത്തികള്‍ വര്‍ദ്ധിച്ചുവരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് കേരളത്തില്‍ ജൂന അഖാഡയുടെ പ്രവര്‍ത്തനത്തിന് തുടക്കമിടാന്‍ തീരുമാനിച്ചത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ജീവിതത്തിന് കുടുംബങ്ങളെ പ്രാപ്തരാക്കുക എന്നതാണ് കാളികാ പീഠം കേരളത്തില്‍ ലക്ഷ്യമിടുന്നത്. ആത്മീയമായും സാമ്പത്തികമായും കുടുംബങ്ങള്‍ ശക്തമാകണെമമെന്നും ആനന്ദവനം ഭാരതി സ്വാമികള്‍ പറഞ്ഞു. യോഗത്തില്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു.ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് മമ്മിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം താലപ്പൊലിയുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ ആനന്ദവനം ഭാരതിയെ സായി മന്ദിരത്തിലേക്ക് ഘോഷയാത്രയായി ആനയിച്ചു.പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത് , ഗ്ലോബല്‍ നായര്‍ സര്‍വ്വീസ് പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്‍, മോഹന്‍ദാസ് ചേലനാട്ട്, അരുണ്‍.സി. നമ്പ്യാര്‍, സബിത രഞ്ജിത്, കെ.കെ.സുമേഷ്‌കുമാര്‍, ശ്രീഷ മഹേഷ് , തുടങ്ങിയവര്‍ സംസാരിച്ചു. പ്രയാഗ് രാജ് മഹാകുംഭമേളയില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്ക് മഹാമണ്ഡലേശ്വറിന്റെ കയ്യൊപ്പൊടു കൂടിയ മംഗളപത്രം വിതരണം ചെയ്തു.




