വാരിക്കുഴികള്‍ക്ക് വിട,ആനകള്‍ക്ക് തുണയായി യന്ത്രഗജം

Spread the love

കാട്ടില്‍ വാരിക്കുഴികളുണ്ടാക്കി അതില്‍ വീഴുന്ന ആനക്കുട്ടികളെ പിടിച്ച് നാട്ടിലെത്തിച്ച് കൊടിയ പീഢനങ്ങള്‍ നടത്തി മെരുക്കിയെടുക്കുന്ന നാട്ടുനടപ്പിനു പകരം റോബോട്ടിക്ക് ആനയെ വാങ്ങി താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ നടയിരുത്തിക്കൊണ്ട് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശര്‍ ജില്ലയിലെ വടക്കേക്കാട് പദ്മനാഭപുരം ക്ഷേത്രം. സെപ്തംബര്‍ 14ന് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുമായിരുന്നു ഈ നടയിരുത്തല്‍.

11 അടി ഉയരവും 800 കിലോഗ്രാം തൂക്കവുമുള്ള ഈ ആന തുമ്പിക്കൈ ഉയര്‍ത്തുകയും നടക്കുകയും ചെവിയാട്ടുകയും എല്ലാം ചെയ്യും. ഒരേ സമയം നാലുപേര്‍ക്ക് ഇതില്‍ കയറിയിരുന്ന് സഞ്ചരിക്കാം. ക്ഷേത്രസംബന്ധിയായ ഏത് ആവശ്യങ്ങള്‍ക്കും ഇത് പ്രയോജനമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. People for Ethical Treatment for animals (PETA) എന്ന സംഘടനയാണ് ഇത് സംഭാവന ചെയ്തത്. അഞ്ചുലക്ഷം വിലയുള്ള ഇതിന്റെ സ്‌പോണ്‍സര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കെ കെ രാഹുലാണ്. ചാലക്കുടിയിലുള്ള ഒരു സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

കാട്ടാനയില്‍ നിന്നും കറണ്ടാനയിലേക്കുള്ള ഈ മാറ്റം നമ്മുടെ ക്ഷേത്രാചരസംസ്‌കാരത്തിന് അനുഗുണമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗുരുവായര്‍് സായീ സഞ്ജീവനി ട്രസ്റ്റ് അദ്ധ്യക്ഷന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പിന് താന്ത്രിക വിധിപ്രകാരം ഏറ്റവും ഉത്തമം വിഗ്രത്തെ പൂജാരിയോ ഭക്തരോ തോളിലേറ്റുന്നതാണ്. കൊല്ലുൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ഇപ്പോഴും അങ്ങനെയാണ്. അപ്രകാരം കഴിയാതെ വന്നാല്‍ ഭക്തര്‍ ചുമക്കുന്ന പല്ലക്കിലേറ്റാം. അതിനും കഴിയില്ലെങ്കില്‍ ഭക്തര്‍ വലിക്കുന്ന തേരിലേറ്റാം. പലക്ഷേത്രങ്ങളിലും ഇതുണ്ട്. ഇതൊന്നും കഴിയാത്തപ്പോഴാണ് ആനപ്പുറത്തിന് പ്രസക്തിയുള്ളത്.
ആനപ്പുറത്തെ എഴുന്നെള്ളിപ്പ് ക്ഷേത്രങ്ങളില്‍ ഭരണകൂടങ്ങള്‍ (രാജക്കന്മാര്‍) ഇടപെടാന്‍ തുടങ്ങിയതിനുശേഷമാണ് ഉണ്ടായത്. ഗുരുവായര്‍് ക്ഷേത്രത്തില്‍ ഇപ്പോഴും വര്‍ഷത്തില്‍ ഒരിക്കല്‍ ആനയില്ലാശീവേലി നടത്തും. അന്ന് പൂജകന്‍ തന്നെയാണ് വിഗ്രഹത്തെ തോളിലേറ്റുക.

മനുഷ്യജീവിതം ആത്മീയതയും ഭൗതീകതയും ചേന്നതാണ്. നമ്മള്‍ ആര്‍ജ്ജിക്കുന്ന അറിവുകളും സങ്കേതങ്ങളും ഈ ജീവിതത്തെ പുഷ്ടിപ്പെടുത്താനുള്ളതാണ്. ആ നിലയ്ക്ക് ഇത്തരം രീതികള്‍ നീതിയുക്തമാണെന്നും അദ്ദേഹം പറഞ്ഞു. പദ്മനാഭപുരം പദ്മനാഭന്‍ എന്ന ഈ യന്ത്രഗജവീരന്‍ എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *