സമര്‍പ്പണത്തിന്റെ ദ്വാരകാകവാടം
ശ്രീകൃഷ്ണഭഗവാന്റെ ദ്വാരകാപുരിയുടെ ഓര്‍മ്മയുണര്‍ത്തുന്ന പുതിയ നടപ്പുരയും പ്രവേശനകവാടവും കണ്ടും കേട്ടും ഭക്തരെല്ലാം സന്തോഷിക്കുകയാണ്. നിലവില്‍ ക്ഷേത്രത്തിന് പുറത്തുള്ള നിര്‍മ്മിതികളില്‍ ഏറ്റവും തലയെടുപ്പും സൗന്ദര്യവുമുള്ള നിര്‍മ്മിതിയാണ് കിഴക്കേനടയിലെ പ്രവേശന ഗോപുരം. നൂറോ ഇരുനൂറോ മീറ്റര്‍ ഭൂമി ഏറ്റെടുത്ത് നടത്താനിടയുള്ള പുതിയ നിര്‍മ്മിതകള്‍ക്ക് ഒരു വഴികാട്ടിയാകും ഈ രാജകീയ ഗോപുരം. ഈ മുഖമണ്ഡപം ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് പ്രമുഖ സംരംഭകനായ വിഘ്നേഷ് വിജയകുമാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ – ഒരു പാട് നാളുകളായി മനസ്സില്‍ കൊണ്ടു നടന്ന വലിയൊരു സ്വപ്നം അതിന്റെ പൂര്‍ണ്ണതിയിലേയ്ക്ക് എത്തുകയാണ്. ജീവിതത്തില്‍ ഉലഞ്ഞുപോയ നിമിഷങ്ങളിലും ഉയര്‍ച്ചയിലും എല്ലാം ഞാന്‍ ഉറക്കെ വിളിക്കാറുള്ള എന്റെ കണ്ണന് നല്കാന് കഴിയുന്ന ഏറ്റവും വലിയ സമര്‍പ്പണമാണ് ഗുരുവായൂര്‍ നടയില്‍ തല ഉയര്‍ത്തി നില്ക്കുന്ന മുഖമണ്ഡപവും നടപ്പുരയും.
ശ്രീ വിഘ്നേഷ് വിജയകുമാര്‍ ഒരുര്ത്ഥത്തില് കാലത്തിന്റെ വഴിത്തിരിവിന് കാരണമാകുന്നു. ഇനി ഇതിലും ചെറിയൊരു കവാടം ആരും ക്ഷേത്രത്തില്‍ പണിയുന്നതില്‍ കഴമ്പില്ല. ക്ഷേത്രത്തിന്റെ വികസനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഉണ്ണിക്കണ്ണന്റെ ഈ കേരളത്തിലെ വൃന്ദാവനത്തിന് ദ്വാരകയുടെ ഗാംഭീര്യം നല്‍കിക്കൊണ്ട് ഭഗവാന് ഉണ്ണിക്കണ്ണന്മാത്രമല്ലെന്നും പടക്കളത്തില്‍ ചക്രം കയ്യിലെടുത്ത ദ്വാരകാവാസികൂടിയാണെന്നും ഈ സമര്‍പ്പണം സാക്ഷ്യപ്പെടുത്തുന്നു. ഗോപുരത്തിന്റെ സമര്‍പ്പണം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ച വിഘ്നേഷ് വിജയകുമാര്‍ പറഞ്ഞത് സമര്‍പ്പണത്തിന്റെ മഹത്വത്തെക്കുറിച്ചാണ്. നാം ഓരോരുത്തരും ചെയ്യുന്ന കര്‍മ്മങ്ങളോടും ഈ സമര്‍പ്പണം വേണം എന്നുകൂടി വിഘ്നേഷ് പറയുമ്പോള്‍ വിജയം വരിച്ച ഒരു സംരംഭകന്റെ മനസ്സുതുറക്കലും കൂടിയാണ് ഈ ദ്വാരകാകവാടം.




