കാര്‍ഗില്‍ വിജയദിന ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
കാല് നൂറ്റാണ്ട് മുന്നെ നടന്ന ഇന്ത്യാ- പാക്കിസ്ഥാന് കാര്ഗില് യുദ്ധത്തില് ഇന്ത്യ വിജയം വരിച്ചതിന്റെ 25-ാം വാര്ഷീകാഘോഷങ്ങള്ക്ക് നാളെ (ജൂലായ് 26) ഗുരുവായൂരില് തുടക്കമാകും. പൈതൃകം ഗുരുവായൂര് സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് ഒരു വര്ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്. സൈനികരെ ആദരിക്കല്, സൈന്യത്തിന്റെ പ്രാധാന്യം ജനങ്ങളില് എത്തിക്കാനുള്ള വേദികള് സംഘടിപ്പിക്കുക, ഇതേക്കുറിച്ചുള്ള പഠനക്ലാസുകള്, ചിത്രപ്രദര്ശനം എന്നിവ നടത്തുക, വിരമിച്ച സൈനികര്ക്കിടയില് ജീവകാരുണ്യപ്രവര്ത്തനങ്ങള് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള് മുന്നോട്ടുവെച്ചാണ് ആഘോഷപരിപാടികള് ആസൂത്രണം ചെയ്തിട്ടുള്ളത്.
കാര്ഗില് ദിനമായ ജൂലായ് 26ന് രാവിലെ10 മണിക്ക് ഗുരുവായൂര് നഗരസഭാ ലൈബ്രറി ഹാളില് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. കൂടാതെ ലൈബ്രറി അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമര്ജവാന് സ്തൂപത്തിനു മുന്നില് നിലവളക്കു കൊളുത്തി പുഷ്പാര്ച്ചന നടത്തും.
തുടര്ന്ന് ലൈബ്രറിഹാളില് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബ്രഗേഡിയര് രവീന്ദ്രന് നായര് ഉദ്ഘാടനം ചെയ്യും. പൈതൃകം സൈനീക സേവാമിതി ചെയര്മാനും കാര്ഗില് യുദ്ധത്തില് പങ്കെടുത്ത ജവാനുമായ ബ്രീഗേഡിയര് എന് എ സുബ്രഹ്മണ്യന് അധ്യക്ഷത വഹിക്കും.ദീര്ഘകാലത്തെ സൈനിക സേവനത്തിനുശേഷം കേരള സര്ക്കാരിന്റെ നിയമപാലന വേദികള് സേവനം അനുഷ്ഠിക്കുന്ന 25 ഹോം ഗാര്ഡുകളെ ആദരിക്കും. മേജര് സ്റ്റൈജുവിന്റെ നേതൃത്വത്തില് 35 എന് സി സി കേഡറ്റുകളുടെ പരേഡ് ഉണ്ടാകും.വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന് സി സി വിദ്യാര്ത്ഥികള് പരിപാടിയില് പങ്കെടുക്കും.
പൈതൃകം കോര്ഡിനേറ്റര് അഡ്വ,രവി ചങ്കത്ത്, സൈനിക സേവാസമിതി ചെയര്മാന് ബ്രഗേഡിയര് എന്. എ. സുബ്രഹ്മണ്യന്, ജനറല് കണ്വീനര് കെ.കെ. വേലായുധന്, ഖജാന്ജി കെ.സുഗതന്,പൈതൃകം രക്ഷാധികാരി പ്രൊ.വി.എം. നാരായണന് നമ്പൂതിരി, സെക്രട്ടറി മധു.കെ. നായര്, കുമാരി തമ്പാട്ടി, വരുണന് കൊപ്പര, രവീന്ദ്രന് വട്ടരങ്ങത്ത്, ബിജു ഉപ്പുങ്ങല് എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു.




