ആ ജാതിയേത് മതമേത് മനുഷ്യനേത്‌

Spread the love

”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ഗുരുദേവവാക്യം അദ്ധ്യാത്മിക വേദികളേക്കാള്‍ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലാണ് മുഴങ്ങാറുള്ളത്. സ്വാഭാവികമായും എന്താണ് ഇതുകൊണ്ട് ഗുരുദേവന്‍ ഉദ്ദേശിക്കുന്നത് എന്ന ചിന്ത ആര്‍ക്കും വരേണ്ടതാണ്. അദ്ദേഹം പറയുന്നത് മനുഷ്യന് ഒരു ജാതിയേ ഉള്ളൂ എന്നാണ്. ഗുരുദേവന്റെ ”ജാതിനിരൂപണ” ത്തില്‍ ഇപ്രകാരം പറയുന്നു,” തമ്മില്‍ പുണര്‍ന്നിണചേരുന്നതൊരിനം”. തമ്മില്‍ പുണര്‍ന്ന് ഇണചേരുന്നവയെ ഒരു ഇനമായി അഥവാ ഒരു ജാതിയായി കണക്കാക്കാം എന്നാണ് ഈ പദ്യത്തിന്റെ സാരം. പ്രകൃതിയില്‍ സാധാരണയായി സ്ത്രീയും പുരുഷനും, പശുവും കാളയും, ആണ്‍ പൂച്ചയും പെണ്‍പൂച്ചയും എന്നിങ്ങനെയാണ് ഇണചേരുക. അല്ലാതെ ആനയും സിംഹവും ഇണചേരില്ല. കാക്കയും തത്തയും ഇണചേരില്ല. ഓരോ ജീവിവര്‍ഗ്ഗവും അതേ വര്‍ഗ്ഗവുമായി മാത്രമാണ് ഇണചേരുക. എന്നുവെച്ചാല്‍ മനുഷ്യന്‍ എന്ന ജാതിയെ മാത്രമേ ശ്രീ നാരായണഗുരുദേവന്‍ അംഗീകരിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം.

പിന്നെ പറയുന്നത് ഒരു മതം എന്നാണ്. സ്വാഭാവികമായി ആ മതം ഏതാണ് എന്ന് സംശയമുണ്ടാകേണ്ടതാണ്. അത് ഹിന്ദുവാണോ ഇസ്ലാം ആണോ ക്രൈസ്തവം ആണോ അല്ലെങ്കില്‍ ഇനി ഗുരുദേവന്റെ മാര്‍ഗ്ഗം പിന്‍തുടരുന്നവരുടെ ഒരു പുതിയ മതമാണോ എന്നൊക്കെ സംശയിക്കാം. എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തെ ഒരു ജാതിയായി കരുതുന്ന അദ്ദേഹം അങ്ങനെ ചിന്തിക്കുമെന്ന് കരുതാനാവില്ല. നിലവിലുള്ള ഏതെങ്കിലും ഒരു മതത്തിന്റെ വക്താവല്ലാത്ത നിലയ്ക്ക് അദ്ദേഹം പറഞ്ഞ ” മതം” എന്ന പദത്തിന് സാമാന്യ അര്‍ത്ഥമായ ” അഭിപ്രായം” എന്നാണ് മനസ്സിലാക്കേണ്ടത്. ബുദ്ധമതം എന്നാല്‍ ബുദ്ധന്റെ അഭിപ്രായം, ചാര്‍വ്വാക മതം എന്നാല്‍ ചാര്‍വ്വാകന്റെ അഭിപ്രായം, അഭിജ്ഞമതം എന്നാല്‍ നല്ലഅറവുള്ളവന്റെ അഭിപ്രായം, പണ്ഡിതമതം എന്നാല്‍ പണ്ഡിതന്റെ അഭിപ്രായം എന്ന് വിശദീകരിച്ചാല്‍ ഈ ”മതം” എന്താണെന്ന് ആര്‍ക്കും മനസ്സിലാകും. അപ്പോള്‍ ”ഒരു മതം” എന്നുപറയുമ്പോള്‍ നേരത്തെ പറഞ്ഞ ജാതിയിലുള്ളവര്‍ക്ക് അതായത് മനുഷ്യന് ഒരേ ഒരു അഭിപ്രായമേ ഉണ്ടാകാവൂ എന്ന് സന്ദേശമാണ് അതില്‍ ഉള്ളത് എന്ന് ഊഹിക്കാം.

ആ മതം, അതായത് എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകേണ്ട ഏക അഭിപ്രായം എന്താണെന്ന് ഗുരദേവന്‍ അടുത്തയായി പറയുന്നു. അതിങ്ങനെയാണ് ” ഒരു ദൈവം മനുഷ്യന്”. നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒരു ദൈവമേ ഉള്ളൂ എന്ന ഏകാഭിപ്രായം മനുഷ്യന് വേണം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ ഏത് തരം ആരാധനാരീതി അനുവര്‍ത്തിച്ചാലും നിങ്ങളെല്ലാം ആരാധിക്കുന്ന ദൈവം ഒന്നുമാത്രമാണ് എന്നതാണ് ഇക്കാര്യത്തില്‍ ഗുരുദേവ ദര്‍ശനം. വിളക്കും കണ്ണാടിയും ശിവലിംഗവും ദേവീ പ്രതിഷ്ഠയും നടത്തിയും വിവിധങ്ങളായ ദേവീ ദേവന്മാരെ സ്തുതിച്ച് കീര്‍ത്തനങ്ങള്‍ എഴുതിയും ഇക്കാര്യം അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഈശ്വരനെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് സാംഖ്യ ദര്‍ശനത്തിലെ മഹത് തത്വമായും ദേവീ ഉപാസകരുടെ മൂലപ്രകൃതിയായും ശൈവരുടെ ശിവലിംഗമായും വൈഷ്ണവരുടെ മഹാവിഷ്ണുവായും വൈദീകരുടെ വിരാട് പുരുഷനായും ക്രൈസ്തവരുടെ കര്‍ത്താവായും മുസ്ലീമുകളുടെ അള്ളാഹുവായും മാത്രമല്ല, ആല്‍ബര്‍ട്ട ഐന്‍സ്റ്റീന്റെ ഭാഷയില്‍ പ്രപഞ്ചത്തിന്റെ ഉറവിടമായ Singularity യായും സ്ഥിതിചെയ്യുന്നു എന്നു പറയുമ്പോള്‍ ഇന്ന് ലോകം നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ക്ക് ഗുരുദേവദര്‍ശനം മുന്നോട്ടു വെയ്ക്കുന്ന പരിഹാരം തീരെ ചെറുതല്ല.

ജയപ്രകാശ് കേശവന്‍

 

Leave a Reply

Your email address will not be published. Required fields are marked *