ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം
ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന് ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം. ഒന്നര പതിറ്റാണ്ടു മുന്നെ കഷ്ടകാലത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പിന് കൊണ്ടുപോയതാണ്. അവിടെ വെച്ച് എന്തോ കാരണത്താല്‍ ശങ്കരനാരായണന് ഒന്നു വിരണ്ടോടി. ആന പേടിച്ചോടിയാലും കോപിച്ചോടിയാലും ജനത്തിന് ഒരുപോലെയാണല്ലോ. കീരീടം സിനിമയിലെ സേതുവിനെപ്പോലെയല്ലെങ്കിലും ശങ്കരനാരായണന് കിട്ടയത് നല്ലനടപ്പ് ജാമ്യം. ആനപരിചരണക്കാരുടെ ഭാഷയില്‍ ‘കെട്ടുതറവാസം’ എന്നു പറയും. പുറത്തെങ്ങും കൊണ്ടുപോകില്ല. ഭക്ഷണം കിട്ടും. പക്ഷെ ശിഷ്ടകാലജീവിതം ആനത്താവളത്തിലൊടുങ്ങും. അത്തരം ആനകളെ പുറത്ത് കൊണ്ടുപോകുന്നത് ബുദ്ധിപരമല്ലെന്നു മാത്രമല്ല, അപകടകരവുമാണ്. ആരും ആറിസ്കെടുക്കില്ല. എന്നാല്‍ ശങ്കരനാരായണന്റെ കാര്യത്തില്‍ ആനപ്പാപ്പാന്‍മാരായ കെ. എസ്. സജി, കെ.വി.ഷിബു എന്നിവരുടെ ശ്രമം വിജയിക്കുകയായിരുന്നു. പാപ്പാന്മാരുടെ ശ്രമത്തിന് പിന്തുണയുമായി ദേവസ്വം ഭരണസമിതിയും രംഗത്തുവന്നതോടെ ഇന്നലെ രാത്രി ശങ്കരനാരായണന് പുറംലോകം കണ്ടും. ക്ഷേത്രത്തില്‍ രാത്രി വിളക്കെഴുന്നെള്ളിപ്പില്‍ പങ്കെടുത്തു. ഇനി ശീവേലി എഴുന്നെള്ളിപ്പിന് ഒരുങ്ങുകയാണ് ശങ്കരനാരായണന്. അവന് ഇനി പേടിച്ചോ കോപിച്ചോ ഓടാതിരിക്കട്ടെ




