നാളെ ജന്മാഷ്ടമി, അനശ്വരമായ മന്ദഹാസം

Spread the love

എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍

കംസന്റെ കാരാഗൃഹത്തില്‍ കരയാതെ പിറന്ന നാള്‍മുതല്‍ കാനനത്തില്‍ ദേഹം ത്യജിക്കും വരെ മായാതെ മങ്ങാതെ നിന്ന ആ മനോഹരമന്ദഹാസം, വെളിപ്പെടുത്താനാഗ്രഹിക്കാത്ത പരമജ്ഞാനത്തിന്റെ പുറംകാഴ്ചയായിരുന്നു. അമ്പാടിയിലെ അത്ഭുതലീലകള്‍ക്കിടയിലും ആ ജ്ഞാനമുണ്ടായിരുന്നു. അമ്പാടി വിട്ടുപോകുമ്പോള്‍ ഭക്തിയുടെ പ്രതിരൂപമായി പ്രിയരാധയെ പ്രതിഷ്ഠിക്കുമ്പോള്‍ ഭക്തനും ഭഗവാനും ഒന്നാണെന്ന സത്യം വെളിപ്പെടുന്നു. അപ്പോള്‍ രാധ ദേവിയായിമാറുന്നു. കംസനെ വധിച്ച് കംസന്റെ പിതാവിനെ അധികാരമേല്‍പ്പിച്ചതും ആ ധര്‍മ്മബോധമാണ്.
എല്ലാം അറിയാമെങ്കിലും സാന്ദീപനിയുടെ കീഴില്‍ എല്ലാം പഠിക്കാന്‍ സമ്മതിച്ചതും ആ അറിവിന്റെ മഹത്വമായിരുന്നു.
തന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും ആ തിരിച്ചറിവന്റെ കൃത്യതയുണ്ടായിരുന്നു. പ്രിയതമയുടെ സഹോദരന്‍ രുഗ്മിയെ കൊല്ലാതെ വിട്ടത് ആ കൃത്യതയായിരുന്നു. നൂറുതവണ ക്ഷമിച്ചതിലും നൂറ്റിഒന്നാം തവണ ശിശുപാലനെ വധിച്ചതിലും ആ സ്ഥിതിപാലകന്റെ കൃത്യതയുണ്ടായിരുന്നു. ഒരു രാജ്യത്തേയ്ക്കും നുഴഞ്ഞുകയറാതെ, ആരേയും ആക്രമിക്കാതെ, ആരും അവകാശപ്പെടാത്ത കടലില്‍ ദ്വാരകാപുരിയുണ്ടാക്കിയത് ആ ധര്‍മ്മബോധമായിരുന്നു. തന്റെ സൈന്യത്തെ കൗരവര്‍ക്ക് നല്കി അവര്‍ക്കെതിരെ പടനയിക്കുമ്പോള്‍ ശത്രുതയും മിത്രതയും ശാശ്വതമല്ലെന്നും ഈ ലോകവും അതിലെ ജീവിതസമരങ്ങളും തന്റെ ഒരു ലീലയാണെന്ന സത്യം വെളിപ്പെടുന്നു. നീയും നിന്റെ വംശവും നശിച്ചുപോകും എന്ന് ഗാന്ധാരി ശപിക്കുമ്പോള്‍ ഒരു സിനിമ പൂര്‍ത്തീകരിച്ച സംവിധായകന്റെ സംതൃപ്തിയോടെ മന്ദഹസിച്ച കൃഷ്ണന്‍, ഒടുവില്‍ താന്‍ കടലില്‍നിന്ന് പടുത്തുയര്‍ത്തിയ ദ്വാരകയെ കടലിനുതന്നെ വിട്ടുകൊടുത്തു. തന്റെ ബന്ധുക്കള്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ അത് ഈ അവതാരകഥയുടെ ക്ലൈമാക്‌സ് മാത്രമാണെന്നറിഞ്ഞ് ഗാന്ധാരീ ശാപം അന്വര്‍ത്ഥമാക്കാനായി സ്വന്തം ദേഹം ത്യജിക്കാന്‍ തയ്യാറായി. പ്രഭാസതീര്‍ത്ഥത്തിലെ ആല്‍മരചുവട്ടില്‍ ധ്യാനനിമഗ്നനായി ഇരുന്നു. ജരന്‍ തന്റെ അമ്പിന് മൂര്‍ച്ചകൂട്ടി. മരത്തിന്റെ മറവിലിരിക്കുന്ന പക്ഷിയെലക്ഷ്യമാക്കി ശരം തൊടുത്തു. പക്ഷിയെന്നു കരുതിയ ഭഗാവാന്റെ കാല്‍പാദത്തില്‍ അസ്ത്രം തറച്ചു. കരഞ്ഞുകൊണ്ട് ഓടിയടുത്ത ജരനെ മന്ദഹസിച്ചുകൊണ്ട് സമാധാനിപ്പിച്ചു. വിലപിക്കുന്ന ഉദ്ധവനോട് ഞാന്‍ ശരീരം ഉപേക്ഷിച്ചാലും എന്നെ സ്മരിക്കുന്നിടത്ത്, എന്റെ ചരിതം പറയുന്നിടത്ത് ഞാന്‍ ഉണ്ടാകും എന്ന് വാക്കുകൊടുത്തു. പീന്നീട് ഈ ഗുരുപവനപുരിയില്‍ ആ സാന്നിധ്യം തുടരുന്നു. തന്റെ ചരിതം പറയാന്‍ മേല്‍പ്പുത്തുരും പുന്താനവും വില്വമംഗലവും മാനവേദനും തയ്യാറായപ്പോള്‍, നിരന്തര സ്മരണയിലൂടെ തന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്താന്‍ കുറൂരമ്മയും മഞ്ജുളയും ഈ പുണ്യഭൂമിയില്‍ പിറന്നു. ആ മന്ദഹാസം അനശ്വരമാണ്.ആദ്യാവസാനങ്ങളില്ലാത്താതാണ്. അത് മിത്തോ മിഥ്യയോ അല്ല, ശാശ്വതമായ സത്യമാണ്. ആ ഭഗവാന്‍ എല്ലാവരേയും രക്ഷിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *