ഗുരുവായൂര്‍ ദേവസ്വത്തില്‍ സൗരവൈദ്യതി: സമര്‍പ്പണം നാളെ
ഗുരുവായൂര്‍ ദേവസ്വവും സൗരോര്‍ജ്ജ പാതയിലേയ്ക്ക് കാല്‍വെയ്ക്കുന്നു. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം. ഈ പദ്ധതിയുടെ സമര്‍പ്പണം ശനിയാഴ്ച ദേവസ്വം മന്ത്രി ശ്രീ.വി .എന്‍ വാസവന് നിര്‍വ്വഹിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ തെക്കേ നടയിലെ ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കി. 545 വാട്ടിന്റെ 144 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.മറ്റു ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമാക്കി. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യതി മൂന്ന് ഗ്രിഡ് ബന്ധിത ഇന്‍വെര്‍ട്ടര്‍ വഴി ദേവസ്വം പവര്ഹൗസിലെത്തിക്കും. 250 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. ദിനംതോറും ആയിരം യൂണിറ്റ്. ദേവസ്വത്തിന്റെ വൈദ്യതി ഉപഭോഗത്തിന്റെ 20 ശതമാനം ആദ്യഘട്ടത്തില്‍ ലഭ്യമാകും.ഇതോടെ വൈദ്യതി ചാര്‍ജിനത്തില്‍ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും. ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 1.90 കോടി രൂപ ചെലവഴിച്ചാണ് സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കിയത്. സോളാര്‍ ടെക് റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാര്‍. അഞ്ചു വര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപണിയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ വേങ്ങാട്ടെ പന്ത്രണ്ട് ഏക്കര്‍ തുറസായ സ്ഥലത്ത് സോളാര്‍ പാടം സ്ഥാപിച്ച് സൗരവൈദ്യതി ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം ചെയര്മാന് ഡോ. വി.കെ.വിജയന് അറിയിച്ചു.




