ഗുരുവായൂരിൽ വൻ തിരക്ക്
ഗുരുവായൂർ: ജൂൺ 16 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ അസാധാരണമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു. രാവിലെത്തന്നെ ദർശനത്തിനുള്ള വരി കിഴക്കേ നടപ്പന്തലിൽ തുടങ്ങി തെക്ക്, പടിഞ്ഞാറ് നടപ്പാതകളും കഴിഞ്ഞ് പടിഞ്ഞാറെ നടയിലെ കെഎസ്ആർടിസി ഡിപ്പോയുടെ പിൻവശം വരെ എത്തിയിരുന്നു. രാത്രിയിലും വലിയ തിരക്കുണ്ടായി. രാത്രി 10 മണിയോടെയാണ് ക്ഷേത്രനട അടച്ചത്. ലോഡ്ജുകളിൽ മുറി കിട്ടാതെ ഭക്തർ അലഞ്ഞു.
മൂവായിരത്തിലധികം പേർ വരി നിൽക്കാതെ നെയ്യ് വിളക്ക് വഴിപാട് കഴിച്ച് ദർശനം നടത്തി. എന്നാൽ ആ വരിയും നീണ്ടുകിടന്നു. നെയ്യ് വഴിപാട് നടത്തി തൊഴുതു പോകാൻ വന്നവർ ചെരുപ്പും മൊബൈൽ ഫോണും കൊടുക്കാനും തിരികെ വാങ്ങാനും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു.




