അഷ്ടമിരോഹിണിക്ക് വിപുലമായ ഒരുക്കങ്ങൾ

Spread the love

ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന് ഈ വര്‍ഷം വിപുലമായ തയ്യാറെടുപ്പുകൾ. .അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും ദേവസ്വം ഭരണ സമിതി മുൻഗണന നൽകുന്നത്. ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. ഇതിനാൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും.അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ 5.30 മണിവരെയും വൈകിട്ട് 5 മുതൽ 6 മണി വരെ മാത്രമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം (ജനറൽ ക്യൂ ) മാത്രം നടപ്പിലാക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും.

ദർശനം കിട്ടിയവർ മറ്റു ഭക്തർക്ക് സൗകര്യമൊരുക്കണംദർശനം ലഭിച്ച ഭക്തർ കഴിയുന്നതും വേഗം പടിഞ്ഞാറേ നടവഴിയോ ഭഗവതി ക്ഷേത്രം നട വഴിയോ പുറത്തുകടക്കണം.ക്ഷേത്ര ദർശനത്തിനുള്ള പൊതുവരിസംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങൾക്ക് വരിനിൽപ്പിന് സൗകര്യം ഒരുക്കും.

35.8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

അഷ്ടമിരോഹിണി ആഘോഷത്തിനായി 35,80,800 യുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവയ്ക്കായി 6,80,000 രൂപയും അനുവദിച്ചു.
ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. കാൽലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പ്രസാദ ഊട്ടിനു മാത്രമായി 25,55,000 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.ഇതിന് പുറമെ പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങൾക്ക് മാത്രമായി 2,07,500 രൂപയും വകയിരുത്തി.എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായ ഭക്ഷണം തയ്യാറാക്കി നൽകാനും ഭരണ സമിതി അനുമതി നൽകി.

വിശേഷാൽ പ്രസാദ ഊട്ടിന് പ്രത്യേക വിഭവങ്ങൾ

ശ്രീ ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ,ഓലൻ,അവിയൽ,എരിശ്ശേരി, പൈനാപ്പിൾ പച്ചടി,മെഴുക്കുപുരട്ടി,ശർക്കരവരട്ടി,കായ വറവ്,അച്ചാർ,പുളി ഇഞ്ചി,പപ്പടം,മോര്,
പാൽപായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും.
രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് ഒരുക്കും.തെക്കേ നടയിലെ പ്രസാദ ഊട്ട് കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ സംവിധാനം പട്ടര്കുളത്തിന് വടക്കുo തെക്കും ഭാഗത്ത് ഒരുക്കും.

വിളമ്പാൻ പ്രഫഷണൽ സംഘവും
പ്രസാദ ഊട്ട് ഭക്തർക്ക് വിളമ്പി നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 100 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും. ഭക്ഷണം അധികമായി വരുന്നത് മുഴുവൻ ഭക്തർക്ക് നൽകും.

 അപ്പം വഴിപാട്

അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25ലക്ഷം രൂപയാണ് അപ്പം, എസ്റ്റിമേറ്റ് തുക. രശീതിന് 35 രൂപയാണ് നിരക്ക്. വഴിപാടുകാരന് പരമാവധി 525 (15 ശീട്ട്) രൂപയുടെ അപ്പം ( ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല. അഷ്ടമിരോഹിണിയുടെ തലേ ദിവസമായ ആഗസ്റ്റ് 25 ന് ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 8.08 ലക്ഷം രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണം മന്ത്രി ശ്രീ: വി.എൻ. വാസവൻ നിർവ്വഹിക്കും. അഷ്ടമിരോഹിണി നാളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ബഹു. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ നിർവ്വഹിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവ് കലാമണ്ഡലം രാമചാക്യാർ ചാക്യാർകൂത്ത് അവതരിപ്പിക്കും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകം, രാത്രി 10 മണി മുതൽ കൃഷ്ണനാട്ടം എന്നിവയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *