ക്ഷേത്രകലാ പുരസ്കാരം കലാമണ്ഡലം രാമച്ചാക്യാര്‍ക്ക്
ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യന് കലാമണ്ഡലം രാമച്ചാക്യാര്‍ക്ക് സമ്മാനിക്കും. കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം, അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും.
ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന്, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥന്, ഡോ.എം.വി നാരായണന്, കലാമണ്ഡലം ശിവന് നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെട്ട ശ്രീഗുരുവായൂരപ്പന് ക്ഷേത്ര കലാ പുരസ്കാര നിര്‍ണയ സമിതിയാണ് പുരസ്കാര സ്വീകര്‍ത്താവിനെ തെരഞ്ഞെടുത്തത്. പുരസ്കാര നിര്‍ണയ സമിതിയുടെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണ സമിതി അംഗീകാരം നല്കി.
കൂടിയാട്ടം കലാകാരനായും അദ്ധ്യാപകനായും ആറു പതിറ്റാണ്ടായി കലാമണ്ഡലം രാമച്ചാക്യാര്‍ രംഗത്തുണ്ട്. തൃശൂര്‍ പൈങ്കുളത്ത് കൊയപ്പ ചാക്യാര്‍ മഠത്തില്‍ 1950 ഡിസംബര്‍ 13ന് ജനനം. കൂടിയാട്ടം കലാകാരന് അമ്മന്നൂര്‍ പരമേശ്വരച്ചാക്യാരും കൊയപ്പ കാവൂട്ടി ഇല്ലോടമ്മയുമാണ് മാതാപിതാക്കള്‍. 1965 ല്‍ കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. മാതുലന് കൂടിയായ ആചാര്യന് പൈങ്കുളം രാമച്ചാക്യാരുടെ കീഴില്‍ പ0നം. 1976 ല്‍ കലാമണ്ഡലത്തില്‍ കൂടിയാട്ടം അധ്യാപകനായി.
ദീര്‍ഘകാലം കേരള കലാമണ്ഡലത്തില്‍ കൂടിയാട്ട വിഭാഗം വകുപ്പദ്ധ്യക്ഷനായിരുന്നു. വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുനാഥന് പൈങ്കുളം രാമച്ചാക്യാരോടൊപ്പവും ഡോ.അമ്മന്നൂര്‍ മാധവച്ചാക്യാരോടൊപ്പവും നിരവധി അരങ്ങുകളില്‍ കൂടിയാട്ടം അവതരിപ്പിച്ചു.. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും കൂടിയാട്ടം അവതരിപ്പിച്ചു. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കലാമണ്ഡലം അവാര്‍ഡ് ,കേരള സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം എന്നിവയ്ക്ക് അര്‍ഹനായി. 2022 മുതല്‍ കലാമണ്ഡലം കല്പിതസര്‍വ്വകലാശാല കൂടിയാട്ടം വിഭാഗം ഡീന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.




