യജമാനപുരിയില്‍നിന്ന് യജ്ഞതീരത്തേയ്ക്ക്
മാമാങ്കമെന്നാല്‍ മലയാളികളുടെ ധാരണ അത് യുദ്ധചരിത്രമാണെന്നാണ്. ചരിത്രത്തിലെ നന്മകളും സംസ്‌കാരവും വിജ്ഞാന പൈതൃകങ്ങളും സ്‌കുളുകളില്‍ പഠിപ്പിക്കാതെ യുദ്ധചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാനപരമായി മാമാങ്കം എന്ന ‘മഹാമാഘം’ അദ്ധ്യാത്മികമായ സാമൂഹികാചാരമാണ്. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള പോര് തുടങ്ങിയതെല്ലാം അതിന്റെ അവസാന കാലഘട്ടത്തിലാണ്.
സത്യത്തില്‍ ഈ മഹാമാഘം ആരു തുടങ്ങി എന്നത് ചരിത്രകാരന്മാര്‍ക്ക് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ പൗരാണികമായ പുലയ രാജവംശങ്ങള്‍ക്ക് ശേഷം ശക്തിപ്രാപിച്ച സാമ്രാജ്യമായിരുന്നു ചേര രാജവംശം. അവരുടെ കാലത്ത് കേരളത്തിന്റെ ഭരണ മേല്‍ക്കോയ്മ തിരുനാവായ മഹാമാഘത്തിന്റെ മാമാങ്കത്തിന്റെ യജമാനന് അവകാശപ്പെട്ടതായിരുന്നു. ദക്ഷിണേന്ത്യയിലെ ചോള, പാണ്ഡ്യ, ചേര ഭരണത്തിനെല്ലാം ഇത്തരത്തിലുള്ള അദ്ധ്യാത്മിക-സാംസ്‌കാരിക തനിമകള്‍ ഉണ്ടായിരുന്നു. ഒരു കാലത്ത് ചേരരാജാക്കന്മാരുടെ രാജകീയ തീര്‍ഥാടനകേന്ദ്രം ആയിരുന്നു തിരുനാവായ.ചേരരാജാവ് മഹാമാഘത്തിന്റെ മുഖ്യയജമാനന്‍ (principal patron) ആയിരുന്നു. ഉത്സവകാലത്ത് രാജാവ് തിരുനാവായയില്‍ എത്തി രാജകീയ അധികാരം പുതുക്കി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നിര്‍വഹിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അന്നവിടെ നടന്നിരുന്ന പ്രധാന ചടങ്ങുകള്‍-നദീതീര്‍ഥസ്‌നാനവും ക്ഷേത്രാരാധനയുമായിരുന്നു. രാജാവ് ഭാരതപ്പുഴയില്‍ (നിള) ഔപചാരികമായി സ്‌നാനം ചെയ്യാറുണ്ടായിരുന്നു.ഇത് രാജാധികാരത്തിന്റെ ശുദ്ധീകരണവും പുതുക്കലും സൂചിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു. ആ രാജകീയ ചടങ്ങിന് കേരളത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ പില്‍ക്കാലത്ത് അത് കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ പോലെ കേരളത്തിന്റെ ഏറ്റവും വലിയ വാണിജ്യമേളകൂടിയായിരുന്നു. അത് കേരളത്തിന്റെ കയറ്റുമതി ഇറക്കുമതി രംഗത്തെപ്പോലും സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ തിരുനാവായയില്‍ ‘മഹാമാഘം’ നടക്കുകയാണ്. ചേരരാജഭരണത്തിന്റെ സ്മൃതികളുണര്‍ത്തികൊണ്ട് അവരുടെ രാജക്ഷേത്രമായ തിരുവഞ്ചിക്കുളത്തുനിന്ന് ധര്‍മ്മ ജ്യോതിയും ചേരമാന്‍ പെരുമാളുടെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ധര്‍മ്മ ജ്യോതി രഥയാത്ര ഒരു മഹാപൈതൃകത്തിന്റെ വീണ്ടെടുക്കാലാണ്. 29 ന് കാലത്ത് 7 മണിക്ക് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ശൈവ വൈഷ്ണവ – ശാക്തേയ സങ്കല്‍പ്പത്തില്‍ തിരുവഞ്ചിക്കുളം , തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം , കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ജ്യോതി തെളിയിക്കും. തുടര്‍ന്ന് വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം 29 ന് വൈകീട്ട് 6 മണിക്ക് ഗുരുവായൂരില്‍ ആദ്യദിന സമാപനം.30 ന് വൈകിട്ട് 5 മണിക്ക് ധര്‍മ്മജ്യോതി കുംഭമേള യജ്ഞവേദിയില്‍ സമര്‍പ്പിക്കും. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരം ആചാര്യന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ യാത്രക്ക് നേതൃത്വം നല്‍കും. അതേ സമയം ചേരരാജാവിന്റെ നാമധേയത്തില്‍ രഥയാത്ര നയിക്കുന്ന സ്വാമി ഹരിനാരായണന്‍ തന്നെയാണ് ഈ വര്‍ഷത്തെ മഹാമാഘത്തിലെ എല്ലാ യജ്ഞങ്ങളുടേയും യജമാനന്‍ എന്നതും ശ്രദ്ധേയമാണ്.




