സഹായം തേടിയെത്തുന്നവരും ഈശ്വരനാണ്;മൗനയോഗി സ്വാമി ഹരിനാരായണന്
നമ്മുടെ മുന്നില്‍ സഹായം തേടിവരുന്നവരില്‍ നാം ഈശ്വരനെ ദര്ശിച്ചുകൊണ്ടുവേണം അവര്‍ക്ക് സഹായം ചെയ്യേണ്ടതെന്ന് മൗനയോഗി സ്വാമി ഹരിനാരായണന് അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 14ന് രാവിലെ ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്ന ഓണാഘോഷപരിപാടിയിലെ ആദ്ധ്യാത്മിക സദസ്സില്‍ അദ്ധ്യക്ഷഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമിജി. നാം മറ്റുള്ളവരെ സഹായിക്കുന്നത് ജീവകാരുണ്യമെന്നതിനപ്പുറും ഈശ്വസേവയായി വേണം കാണുവാന്‍. എങ്കില്‍ മാത്രമേ ആ ദാനകര്‍മ്മം ശ്രേഷ്ഠമാകുന്നുള്ളു. നമ്മുടെ ഉള്ളിലുള്ള ഈശ്വരന് തന്നെയാണ് അവരുടെ ഉള്ളിലും ഉള്ളത്. നമുക്ക് സുഖം തരുന്ന ഈശ്വരന്റെ സൃഷ്ടി പ്രക്രിയതന്നെയാണ് അവര്‍ക്ക് പരാശ്രയത്വം നല്‍കുന്നത്. ഇതെല്ലാം ഈശ്വരകൃപയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. തന്റെ മുന്നില്‍ വന്ന് മൂന്നടി മണ്ണ് യാചിക്കുന്നയാള്‍ ഒരു ബ്രാഹ്മണബാലനല്ലെന്നും മറിച്ച് മഹാവിഷ്ണുതന്നെയാണ് എന്നുമറിഞ്ഞപ്പോള്‍ പൂര്‍വ്വാധികം ആന്ദത്തോടെ തന്റെ കീഴിലുള്ള മൂന്നുലോകങ്ങളും തന്നെത്തന്നേയും ഭഗവാന് സമര്‍പ്പിച്ച മഹാബലി ഈ തത്വത്തിന്റെ മികച്ച ഉദാഹരണമാണെന്നും സ്വാമിജി പറഞ്ഞു. ആദ്ധ്യാത്മിക സദസ്സ് നാഷണല്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡണ്ട് ഗീവര്‍ഗ്ഗീസ് മാര്‍ യുലിയോസ് ഉദ്ഘാടനം ചെയ്തു. ചലചിത്രസംവിധായകന്‍ കൃഷ്ണദാസ് മുരളി, ഒമാന്‍ ട്രേഡ് കമ്മീഷണര്‍ ഡോ.സന്തോഷ് ഗീവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആത്മീയ പ്രഭാഷകനും പണ്ഡിതനുമായ ആചാര്യ സി.പി.നായര്‍ തിരുവോണ സന്ദേശം നല്കി. വി.പി. ഉണ്ണികൃഷ്ണന്, പ്രശാന്ത് വര്‍മ്മ, രേണുക ശങ്കര്‍, അശ്വതിശ്രീകുമാര് എന്നിവര്‍ സംസാരിച്ചു. പൂക്കളമത്സരം, ബാലകനൃത്തങ്ങള്, തിരുവാതിരക്കളി എന്നിവയുണ്ടായി. 150 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും നല്കി.




