പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

Spread the love

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍

ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ രാധാകൃഷ്ണന്‍ തിരൂലേയ്ക്ക് കുടിയേറിയത് ഭഗവത് നിശ്ചയം അഥവാ ചരിത്രനിയോഗമായിരിക്കാം. അതെന്തായാലും ഗുരുവായൂരിന്റെ സ്വന്തം ആരോഗ്യ ശാസ്ത്രചിന്തകന്‍ പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ അടങ്ങുന്ന ഗ്രന്ഥം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ഗുരുവായൂരിനടുത്ത വാഴപ്പുള്ളിയില്‍ പോഴംകണ്ടത്ത് അപ്പുകുട്ടന്റേയും ആലിക്കല്‍ കല്യാണിയുടേയും മകനായി ജനിച്ച രാധാകൃഷ്ണന്‍ വളരെ കാലമായി ആരോഗ്യരംഗത്ത് സജീവമാണ്. ആദ്യകാലത്ത് നാച്വറോപ്പതിയുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന അദ്ദേഹം പിന്നീട് തന്റെ അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ‘സ്വാഭാവികരോഗശമനം’ എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഓര്‍ത്തോപ്പതിയില്‍ ആകൃഷ്ടനാകുകയും അതിന്റെ പഠനവും സേവനവും ചെയ്യാനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. 1986 മുതല്‍ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ഗാന്ധിയന്‍ പ്രകൃതിഗ്രാമത്തിന്റെ സാരഥിയാണ്.
നമുക്കൊരു പാചകരീതി, ഓര്‍ത്തോപ്പതി ഉല്‍പ്പത്തിയും വികാസവും, തെറ്റിധരിക്കപ്പെട്ട രോഗങ്ങള്‍, പ്രകൃതിചികിത്സ ആമുഖവും അനുഭവങ്ങളും, നമുക്കൊരു വ്യായാമരീതി, നമുക്കൊരു ഭക്ഷണരീതി, രോഗം തരാത്ത ഭക്ഷണങ്ങള്‍, എന്നീ പുസ്തകള്‍ രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. 1962ല്‍ ഗുരുവായൂരില്‍ പിച്ചവെച്ചുതുടങ്ങിയ ആ ജീവിതയാത്ര 2022 ല്‍ മലപ്പുറത്തെ തിരൂരില്‍ എത്തിനില്‍ക്കുന്നതിടയില്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പുതിയ രചനയായ ”കണിയാനും കരിനാക്കനും” എന്ന പുസ്തകത്തില്‍ അക്ഷരങ്ങളായി അണിനിരക്കുകയാണ്. ആരോഗ്യപരിരക്ഷയെന്നത് മരുന്നുവ്യവസായത്തിന്റെ പാര്‍ശ്വപ്രവൃത്തിയായി മാത്രം മാറുന്ന പുതിയകാലഘട്ടത്തില്‍ ശാസ്ത്രത്തെ സ്വന്തം നിലയില്‍ വിലയിരുത്തുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ആര്‍ജ്ജവം കാണിച്ച അപൂര്‍വ്വം കേരളീയരില്‍ ഒരാളാണ് ശ്രീ പി എ രാധാകൃഷ്ണന്‍. തന്റെ ജീവിതാനുഭവങ്ങള്‍ കണിയാനും കരിനാക്കനും എന്ന പേരില്‍ പുറത്തിറങ്ങുന്നത് മലയാളത്തിലെ വായനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു പുതിയ അനുഭവമായിരിക്കും. പുസ്തകം 2024 ഒക്‌ടോബര്‍ 31 ന് ജന്മനാടായ വാഴപ്പുള്ളിയില്‍ പ്രകാശിതമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്,ഫോണ്‍- 9446222554.

Leave a Reply

Your email address will not be published. Required fields are marked *