ഭക്തിനിറവില്‍ ഷിര്‍ദ്ദി സായിബാബയുടെ സമാധിദിനം
സമാധി നിമിഷങ്ങളില്‍ പൂമൂടല്‍.
2024 ഒക്‌ടോബറിലെ വിജയദശമി നാള്‍. ഉച്ചയോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ശ്രി ഷിര്‍ദ്ദിസായി ബാബയുടെ നൂറ്റിആറാം സമാധിആചരണത്തിനൊരുങ്ങി. പ്രാര്‍ഥനാ മന്ദിരം ഭക്തരെക്കൊണ്ടു നിറഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ പൂജകള്‍ക്ക് തുടക്കം കുറിച്ചു. സാധു കൃഷ്ണാനന്ദ സരസ്വതിസ്വാമികളുടെ വിശേഷ സാന്നിധ്യം ചടങ്ങിന് കൂടുതല്‍ പവിത്രതയേകി. സമയം 2.45 നോടടുത്തപ്പോള്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ തന്റെ ഉപാസനാമൂര്‍ത്തിയും ഗുരുവുമായ ശ്രീ ഷിര്‍ദ്ദിസായിബാബയുടെ വിഗ്രഹത്തിലേയ്ക്ക് ഉപചാരമായി തെച്ചിപ്പൂക്കള്‍ സമര്‍പ്പിച്ചു. പിന്നെ വിഗ്രഹത്തിന്റെ ശിരസ്സിലേയ്ക്ക് പൂക്കളുടെ വര്‍ഷം. ഒരു മഹാത്മാവിന്റെ സമാധിനിമിഷങ്ങളുടെ സ്മരണയില്‍ സമര്‍പ്പിക്കുന്ന ഉപചാരങ്ങള്‍ക്ക് യജ്ഞഹവ്യങ്ങളുടെ പവിത്രതയുള്ളതിനാലാകാം അവിടെ എത്തിയ ഭക്തരും ബാബയുടെ വിഗ്രഹത്തിലേയ്ക്ക് പുഷ്പങ്ങള്‍ ഉപചാരങ്ങളായി സമര്‍പ്പിച്ചു. വീണ്ടും പൂക്കളുടെ പ്രവാഹം. ആ സുമവര്‍ഷത്തില്‍ ബാബയുടെ വിഗ്രഹം മൂടിപ്പോയി. അങ്ങിനെ ശിഷ്യപരമ്പര ഗുരുവിനെ അനശ്വരനായി മനസ്സില്‍ വീണ്ടും പ്രതിഷ്ഠിക്കുന്ന ദിവ്യദൃശ്യങ്ങള്‍ക്ക് ഗുരവായൂര്‍ സായി മന്ദിരം സാക്ഷ്യം വഹിച്ചു. പൂമൂടല്‍ സമ്പന്നമായി.




