ധന്യമീ ദീപസ്തംഭ പരിസരം

Spread the love

അമ്പത് വർഷം മുന്നേ ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധ തൊഴാൻ വളരെ കുറച്ചു പേരേ ഉണ്ടാകുമായിരുന്നുള്ളൂ. ക്ഷേത്രത്തിലെ അഗ്നിബാധയും പുനർനിർമ്മാണവും കഴിഞ്ഞ ശേഷം ക്രമേണ തിരക്ക് വർദ്ധിച്ചപ്പോൾ കുറേയാളുകൾ കൊടിമരത്തിനു സമീപം നിന്ന് തൊഴുവാൻ തുടങ്ങി. അപ്പോഴും സ്വയം അശുദ്ധിതോന്നിയിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ചിലർ ചുറ്റമ്പലത്തിൽ പ്രവേശിക്കാതെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിന്ന് തൊഴുമായിരുന്നു. എന്നാൽ ഇപ്രകാരം പുറത്തുനിന്ന് തൊഴുന്നതിന് വലിയ അംഗീകാരം ഭക്തരുടെ മനസ്സിൽ ഇല്ലായിരുന്നു. എന്നാൽ ഈ ദീപസ്തംഭ ദർശനം ക്ഷേത്രദർശനത്തിന്റെ പൂർണ്ണതായി ജനങ്ങൾ അനുഭവിച്ചറിഞ്ഞത് കോവിഡ് കാലത്തായിരുന്നു. അക്കാലത്ത് ആരുടേയും നിർദേശമില്ലാതെ ചെരുപ്പുകൾ കല്യാണമണ്ഡപങ്ങൾക്ക് കിഴക്ക് ഭാഗത്ത് വെച്ചശേഷം ദീപസ്തംഭത്തിനടുത്ത് ശ്രീ കോവിലിനു മുന്നിൽ എന്നപോലെ ഭക്തയോടെ തൊഴുന്നത് പതിവുകാഴ്ചയായിരുന്നു. പിന്നീട് ദീപാരധന തൊഴുവാനുള്ളവരുടെ തിരക്ക് ദീപസ്തംഭത്തിനടുത്തും വർധിച്ചു. ഇപ്പോൾ ശ്രീകോവിലിനു മുന്നിൽ എന്നപോലെ പവിത്രമാണ് ഈ ദീപസ്തംഭ പരിസരം. തൂണിലും തുരുമ്പിലും പുല്ലിലും പുഷ്പത്തിലും ഉള്ള ഭാഗവാന് ഭക്തരെ അനുഗ്രഹിക്കാൻ ഈ ദീപസ്തംഭം ധാരാളം.