ഗുരുവായൂരില്‍ ഗണേശോത്സവത്തിന് ഒരുക്കമായി

Spread the love

കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഗണേശോത്സവത്തിന് ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ സ്ഥലങ്ങളിലേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ ഇന്നലെ മമ്മിയൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ഹാളില്‍ എത്തിക്കഴിഞ്ഞു. 30 വര്‍ഷമായി നടത്തിവരാറുള്ള ഗണേശോത്സവം ഈ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് ആഘോഷിക്കുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാവക്കാട് വിനായകതീരത്തില്‍ (ദ്വാരകാ ബീച്ച്) എത്തും. തുടര്‍ന്നുള്ള പൊതു സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധര്‍മ്മ ജാഗരണ പ്രമുഖ് വി. കെ വിശ്വനാഥന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഭക്തിപൂര്‍വ്വം നിമഞ്ജനം ചെയ്യും.
അതേ സമയം പ്രധാന ഗണേശവിഗ്രഹം സെപ്തംബര്‍ നാലിന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്തെത്തുമ്പോള്‍ താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയോടെ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന ഹാരാര്‍പ്പണങ്ങള്‍ക്കും പ്രഭാഷണത്തിനും ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥാപിക്കും. ഇവിടെ മൂന്നു ദിവസം ഗണപതിഹോമം, ഭജന, ദീപാരാധാന എന്നിവ നടത്തി വിഗ്രഹത്തെ ചൈതന്യവത്താക്കും.
ഈ വര്‍ഷത്തെ ഗണേശോത്സവത്തോടനുബന്ധിച്ച് സെപ്തംബര്‍ 5 ന് തെക്കേനടയിലുളള ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സാംസ്‌കാരിക സമ്മേളനം നടത്തും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലഭാരതീയ അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തും. ഗുരുവായൂരില്‍ ഗണേശോത്സവത്തിന് തുടക്കമിടുന്നതില്‍ മുഖ്യ പങ്കുവഹിച്ച മുതിര്‍ന്ന കാര്യകര്‍ത്താക്കളായ വി കെ വിശ്വനാഥന്‍, അഡ്വ. എ വേലായുധന്‍, ടി.വി. ശ്രീനിവാസന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ എസ് പവിത്രന്‍, ടി.പി മുരളി, മുഖ്യ സംയോജകന്‍ പി വത്സലന്‍, രവീന്ദ്രനാഥ്, രഘു ഇരിങ്ങപ്പുറം, സൂര്യന്‍, ദീപക് ഗുരുവായൂര്‍, ലോഹിതാക്ഷന്‍, ടി എ കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *