ക്ഷേത്രത്തിലെ വിവാഹത്തിരക്ക്: ക്രമീകരണങ്ങളായി

Spread the love

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 350 ല്‍ അധികം വിവാഹങ്ങള്‍ നടക്കാന്‍ പോകുന്ന സെപ്റ്റംബര്‍ 8 ന് ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അറിയിച്ചു.

ഇതനുസരിച്ച് വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ 6 മണ്ഡപങ്ങളിലായി നടക്കും.
താലികെട്ടിനായി ഒരുപോലെ അലങ്കരിച്ച ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ഓരോ മണ്ഡപത്തിലും ക്ഷേത്രം കോയ്മമാരെ നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം 2 മംഗളവാദ്യസംഘത്തെ നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

വിവാഹത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രദര്‍ശനത്തിനും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ദര്‍ശന ക്രമീകരണം. ഇതുപ്രകാരം പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദര്‍ശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ, പടിഞ്ഞാറേ കോര്‍ണര്‍ വഴി ക്യൂ കോംപ്‌ളക്‌സിന കത്തേക്ക് കയറ്റി വിടും. ദര്‍ശന ശേഷം ഭക്തര്‍ക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പളളി വാതില്‍ (കൂവളത്തിന് സമീപം) വഴി മാത്രമേ പുറത്തേക്ക് പോകാന്‍ പാടുള്ളു.. ഭഗവതി ക്ഷേത്രപരിസരത്തെ വാതില്‍ വഴി ഭക്തരെ പുറത്തേക്ക് വിടുന്നതല്ല. വിവാഹ തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നില്‍ നിന്നു തൊഴാനെത്തുന്ന ഭക്തര്‍ ക്യൂ കോംപ്‌ളക്‌സില്‍ പ്രത്യേകം ഏര്‍പ്പെടുന്ന ലൈന്‍ വഴി കിഴക്കേ ഗോപുര സമീപം വന്ന് ദീപസ്തംഭത്തിന് സമീപമെത്തി തൊഴുത് തെക്കേ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കുന്നതിനായി സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര ദര്‍ശനത്തിന്നെത്തുന്ന ഭക്തര്‍ക്കും വിവാഹ ചടങ്ങിനെത്തുന്നവര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരും സെപ്റ്റംബര്‍ എട്ടിനു ഉണ്ടാകും.. തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും അവര്‍ സേവന സജ്ജരായി രംഗത്തുണ്ടാകും.
സെപ്റ്റംബര്‍ എട്ടിന് , ഗുരുവായൂരില്‍ എത്തുന്ന ഭക്തജനങ്ങളുടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കിഴക്കേ നടയിലെ ബഹുനില വാഹന പാര്‍ക്കിങ്ങ് സമുച്ചയത്തിന് പുറമെ, മഞ്ചിറ റോഡ് ജംഗ്ഷന് സമീപമുള്ള ദേവസ്വം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിന് ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യര്‍ത്ഥിച്ചു. ദേവസ്വം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സര്‍വ്വാത്മനാ സഹകരിക്കണമെന്ന് ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ. മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ശ്രീ. കെ.പി.വിശ്വനാഥന്‍, ശ്രീ.വി.ജി.രവീന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. കെ.പി.വിനയന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *