തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

Spread the love

ജയപ്രകാശ് കേശവന്‍.
ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോള്‍ ഗുരുവായൂര്‍ സ്വദേശിനിയായ ഗോപികാ ഭാസി.

ആസ്‌ട്രേലിയയിലെ ലാ ട്രോബ് സര്‍വ്വകലാശാലയിലെ ആനിമല്‍, പ്ലാന്റ്, സോയില്‍ സയന്‍സ് വകുപ്പിലെ അഗ്രിബയോ സൊല്യൂഷന്‍സ് ലബോറട്ടറിയിലെ മൂന്നാം വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് ഗോപിക. 2020- ലെ ഷാരൂഖ് ഖാന്‍ – ലാ ട്രോബ് യൂണിവേഴ്‌സിറ്റി പിഎച്ച്ഡി ഫെലോഷിപ്പിന്റെ പ്രഥമ സ്വീകര്‍ത്താവാണ് ഗോപികാഭാസി. 2020 ല്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി കാരണം ആസ്‌ത്രേലിയയിലേയ്ക്കുള്ള യാത്രയ്ക്കും ഗവേഷണത്തിനും കാലതാമസം നേരിട്ടെങ്കിലും, തേനീച്ചകളുടെ ആരോഗ്യ ഗവേഷണത്തില്‍ ഗോപിക ഇപ്പോള്‍ മുന്‍പന്തിയിലാണ്. വ്യത്യസ്ഥ തേന്‍ സാമ്പിളുകളില്‍ നിന്ന് തേനീച്ചയെ ബാധിക്കുന്ന രോഗാണുക്കളെ കണ്ടെത്തുന്നതിന് അത്യാധുനിക പരിസ്ഥിതി ഡിഎന്‍ എ നിരീക്ഷണ സാങ്കേതികവിദ്യയാണ് ഗോപിക പ്രയോജനപ്പെടുത്തുന്നത്. പ്രകൃതിയിലെ ജൈവസമ്പത്തിന്റെ സാമ്പിളുകളെ നീരീക്ഷിക്കുന്ന രീതിയാണ് ഇത്. ഈ രീതി ഗവേഷണത്തിന്റെ ചിലവും സമയദൈര്‍ഘ്യവും കുറയ്ക്കുന്നതുമാണ്.

ഇതിന്റെ ഭാഗമായി ഗോപിക ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 135 തേന്‍ സാമ്പിളുകള്‍ ശേഖരിച്ചു. സാധാരണ തേനീച്ചകളിലെ രോഗാണുക്കളെ തിരിച്ചറിയുന്നതിനായി അവ വിശകലനം ചെയ്തു. ട്രിപനോസോമാറ്റിഡുകള്‍ (കൃഷി, മനുഷ്യന്‍, മൃഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന ഒരു തരം പാരാസൈറ്റ് ജീവികള്‍), ഓപ്പര്‍ച്ച്യൂണിറ്റിസ്റ്റിക്ക് ജിവികള്‍ ( സാധാരണ അവസ്ഥകളില്‍ അപകടകാരികളല്ലാതെ ശരീരത്തില്‍ ഇരിക്കുകയും അനുകൂലസാഹചര്യം വരുമ്പോള്‍ രോഗം ഉണ്ടാക്കുകയും ചെയ്യുന്ന സൂക്ഷ്മജീവികള്‍) എന്നിവ പോലുള്ള ബാക്ടീരിയകളില്‍ കൂടതല്‍ പഠനങ്ങള്‍ നടന്നിട്ടില്ലാത്തവെയെയാണ് ഗോപിക ലക്ഷ്യം വെയ്ക്കുന്നത്. രോഗാണുക്കളുടെ പര്യവേക്ഷണം, അവയുടെ പരിണാമ ചരിത്രം, തേനീച്ചയുടെ ആരോഗ്യത്തെ ബാധിക്കുന്ന സാധ്യതകള്‍ എന്നിവിഷയങ്ങളിലേയ്ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നതാണ് ഗോപികയുടെ ഗവേഷണങ്ങള്‍.

കൂടാതെ, തേന്‍ ഇ ഡി എന്‍ എ യ്ക്കുവേണ്ടുയുള്ള വിശകലനത്തില്‍ അനുവര്‍ത്തിച്ച മെറ്റാബാര്‍കോഡിംഗ് എന്ന നൂതനമായ പ്രയോഗം (ഒരൊറ്റ സാമ്പിളില്‍ നിന്ന് വ്യത്യസ്ഥ ജീവികളുടെ ജീനുകളെ അനലൈസ് ചെയ്ത് സമാനമായ അനവധി ജീവികളെ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനം) തേനീച്ചവളര്‍ത്തലിനും പരിസ്ഥിതി ശാസ്ത്രത്തിനും തേനിന്റെ ആധികാരികതയ്ക്കും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള പ്രശ്‌നപരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ഈയിടെ തേനീച്ചകളിലെ ചില ഓപ്പര്‍ച്ച്യൂണിറ്റിസ്റ്റിക്ക് ജിവികളെ വേര്‍ത്തിരിച്ചു. അവ ഇപ്പോള്‍ ശാസ്ത്ര സമൂഹത്തിന്റെ ലഭ്യതയ്ക്കായി ഓസ്ട്രേലിയന്‍ വകഭേദമായി കണക്കാക്കി ആസ്‌ട്രേലിയയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫോമേഷന്‍ (എന്‍ സി ബി ഐ) യുടെ ജീന്‍ ബാങ്കില്‍ ഉണ്ട്. ഇത് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് കീഴിലുള്ള ഒരു സുപ്രധാന ജൈവ വിജ്ഞാന ഉറവിടമാണ്. ബയോടെക്നോളജി, മോളിക്യുലാര്‍ ബയോളജി, ബയോമെഡിക്കല്‍ സയന്‍സസ് എന്നിവയിലെ ഗവേഷണത്തെ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങളില്‍ നിന്നുള്ള ന്യൂക്ലിയോടൈഡ് സീക്വന്‍സുകളുടെ ഒരു പ്രധാന ഡാറ്റാബേസായ ജെന്‍ബാങ്ക് ഇവിടെയുണ്ട്.

ഗോപികയുടെ ഗവേഷണവിഷയവും അതിന്റെ നൂതനമാര്‍ഗ്ഗങ്ങളും ചെറുജീവികളുടെ ആരോഗ്യരക്ഷണത്തിലൂടെ മനുഷ്യവശംത്തിന്റെ സൗഖ്യം തന്നെയാണ് അര്‍ത്ഥമാക്കുന്നത്. അത് വലിയൊരു പാരിസ്ഥിതിക പ്രവര്‍ത്തനം കൂടിയാണ്. ഗുരുവായൂരിനടുത്ത ഞമനേങ്ങാട് കൊറ്റന്തറയില്‍ ഭാസി- ബിന്ദു ദമ്പതികളുടെ മകളാണ് ഗോപിക. തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്‍ശാസ്ത്രാദ്ധ്യാപകന്‍ പരേതനായ കൊറ്റന്തറയില്‍ ഗോപലന്‍ മാസ്റ്ററുടേയും ഞമനേങ്ങാട് ന്യു എല്‍ പി സ്‌കളൂള്‍ റിട്ട. അദ്ധ്യാപിക കമലയുടേയും പൗത്രിയുമാണ് ഗോപികാ ഭാസി.

Leave a Reply

Your email address will not be published. Required fields are marked *