സ്വാതന്ത്ര്യത്തിന്റെ ഭൂതവും ഭാവിയും
ഭാരതം ബ്രീട്ടീഷുകാരില്‍ നിന്നും സ്വാതന്ത്രം നേടിയിട്ട് 77 വര്‍ഷമായിരിക്കുന്നു. 77 വര്‍ഷം എന്നത് ഒരു രാജ്യത്തിന്റെ ചരിത്രഗണനയില്‍ അത്രവലിയ കാലഘട്ടമല്ല. അതുകൊണ്ടുതന്നെ നാം നേടിയ സ്വാതന്ത്ര്യം എത്രത്തോളം സ്ഥായിയാണ് എന്നത് ചിന്തിക്കേണ്ടതുണ്ടതും അതിന്റെ ഭാവിയെ പരിരക്ഷിക്കേണ്ടതും ആവശ്യമാണ്. സത്യത്തില്‍ നിരന്തരമായ കടന്നുകയറ്റങ്ങളെ ചെറുത്തുകൊണ്ടിരുന്ന ഒരു ജനതയുടെ ചെറുത്തുനില്‍പിന്റെ തുടര്‍ച്ചയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. 1947 ല്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്നു. എന്നാല്‍ 1857ല്‍ ഭാരത്തിലെ വിവിധ പ്രാദേശിക സമൂഹങ്ങള്‍ ഒന്നിക്കുകയും മംഗള്‍ പാണ്ഡേ, റാണിലക്ഷ്മീ ഭായ്, ബഹദൂര്‍ഷാ, താന്തിയാ ടോപെ തുടങ്ങിയവരുടെ നേതൃത്വത്തിലുമായിരുന്നു ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയത്. അതിനര്‍ത്ഥം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതിനാലാണ് ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യബോധം ഉണ്ടായത് എന്ന പാശ്ചാത്യ നിരീക്ഷണത്തിന് അടിസ്ഥാനമില്ല എന്നതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്നെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ നടത്തിയിരുന്നത് ഭാരതത്തിലെ ചെറു രാജ്യങ്ങളായിരുന്നു. അവര്‍ സമരം ചെയ്തത് വിദേശത്തുനിന്നും കടന്നുകയറിയ മുകള്‍ സാമ്രാജ്യത്തോടായിരുന്നു. ഇന്നിപ്പോള്‍ ലോകത്തിന്റെ സ്വഭാവം മാറിയിരിക്കുന്നുവെന്നും പ്രാകൃതമായ ജീവിതത്തില്‍ നിന്നും ലോകം വളരെ സംസ്‌കാര സമ്പന്നമായ ജീവിത വീക്ഷണത്തിലേയ്ക്ക് വന്നു എന്നുള്ള നിഗമനം തികച്ചും അസംബന്ധമാണെന്നു പറയാം. നേരത്തെ പറഞ്ഞ കടന്നു കയറ്റവും ദുര്‍ബല രാജ്യങ്ങളെ ചൂഷണം ചെയ്യലും നിര്‍ബാധം തുടരുന്നു എന്നതാണ സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ചൈനയുടെ സ്ഥായിയായ ആക്രമണ സ്വാഭാവം, റഷ്യ – യുക്രൈന്‍ യുദ്ധം, ഇസ്രയേല്‍ പലസ്ഥാന്‍ യുദ്ധം ഇതിലെല്ലാം അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ ലോകത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ധാര്‍മ്മികമായോ നീതിനിഷ്ഠമായ ഉള്ള അടിസ്ഥാനങ്ങള്‍ ഇല്ല എന്നതാണ്. സ്വന്തം രാജ്യത്തിന്റെ സുഖസൗകര്യങ്ങള്‍ മാത്രമാണ് ഏവരുടേയും ലക്ഷ്യം. അപ്പോള്‍ നാം നേടിയസ്വാതന്ത്ര്യം പൂര്‍ണ്ണമാകണമെങ്കില്‍ ഭാരതം സാമ്പത്തീകമായും സൈനീകമായും ശാസ്ത്രസാങ്കേതിക രംഗത്തും സ്വയം പര്യാപ്തത കൈവരിക്കുകയും വേണം. ആ ലക്ഷ്യം നേടിയാല്‍ മാത്രം പോര അതുപയോഗിച്ച് രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും കാത്തു സൂക്ഷിക്കുകയും വേണം. സര്‍വ്വോപരി രാജ്യസ്‌നേഹമുള്ള തലമുറകളെ വാര്‍ത്തെടുക്കുകയും അവരില്‍ നിന്ന് കാര്യക്ഷമതയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ന്നു വരികയും വേണം. എങ്കില്‍ മാത്രമേ നാം നേടിയ സ്വാതന്ത്ര്യത്തിന് ഭാവിയുള്ളൂ.




