അനുഷ്ഠാനങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്: ജയരാജ് മിത്ര

Spread the love

ഗുരുവായൂര്‍: ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പിന്നില്‍ പ്രകൃതിയുമായും മനുഷ്യജീവിതവുമായും ബന്ധപ്പെട്ട ആഴമേറിയ ആത്മീയതത്ത്വങ്ങളുണ്ടെന്ന് ജയരാജ് മിത്ര അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തിമഹായജ്ഞത്തിന്റെ ഭാഗമായ ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തുസങ്കല്‍പ്പങ്ങള്‍, നിലവിളക്കിന്റെ ആത്മീയപ്രാധാന്യം, ഗോമാതൃസങ്കല്‍പ്പം, കുണ്ഡലിനിയോഗം, ശരീരത്തിലെ ചക്രസങ്കല്‍പ്പങ്ങള്‍ എന്നിവ വിശദീകരിച്ച അദ്ദേഹം, ആചാരങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കി നിഷ്ഠയോടെ അനുഷ്ഠിക്കണമെന്നും നവരാത്രി ആത്മീയസാധനയ്ക്കും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണെന്നും പറഞ്ഞു. നവശക്തി മഹായജ്ഞത്തിന്റെ ആറാം ദിനത്തില്‍ കാത്യായനി ദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ ദുര്‍ഗാസപ്തശതി ഹോമവും ആത്മീയസദസ്സും നടന്നു. 27 ഹോമകുണ്ഡങ്ങളില്‍ ദുര്‍ഗാസപ്തശതി മന്ത്രങ്ങള്‍ മുഴങ്ങിയ യജ്ഞവേദിയില്‍ പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു.

സ്ത്രീശാക്തീകരണത്തെക്കുറിച്ച് ആധുനികലോകം ഇന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ സ്ത്രീയെ ദേവിയായി കണ്ട് ആരാധിക്കുന്ന പാരമ്പര്യമാണ് ഭാരതീയ സംസ്‌കാരത്തിനുള്ളതെന്ന് മുഖ്യാതിഥിയായ വി. പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറാതിരിക്കുക എന്നത് നവരാത്രി വ്രതചര്യകളിലെ പ്രധാന നിഷ്ഠയാണ്. സ്ത്രീശക്തിയെ ആരാധിക്കുന്നതിനൊപ്പം സ്ത്രീകളെ ആദരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു സ്വന്തം ഉള്ളിലെ അജ്ഞാനവും ദുരഹങ്കാരവുമാണെന്ന് യജ്ഞസന്ദേശം നല്‍കിയ മൗനയോഗി സ്വാമി ഹരിനാരായണന്‍ പറഞ്ഞു. മഹിഷാസുരനിഗ്രഹം മനുഷ്യനിലെ അഹങ്കാരത്തിനും അധാര്‍മ്മിക പ്രവണതകള്‍ക്കും മേല്‍ വിവേകവും ധര്‍മ്മബോധവും നേടുന്ന വിജയത്തിന്റെ പ്രതീകമാണ്. സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്ന ദുരഹങ്കാരത്തെ അതിജീവിച്ച് ആത്മപരിശോധനയിലൂടെ സ്വയം തിരുത്തുന്നതാണ് യഥാര്‍ത്ഥ ആത്മീയസാധനയെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടീവ് ട്രസ്റ്റീ അരുണ്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പ്രവീല്‍ കെ. ആര്‍., സബിത രഞ്ജിത്, ദിലീപ്ജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചാമുണ്ഡേശ്വരി തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി അരങ്ങേറി. മഹായജ്ഞത്തിന്റെ ഭാഗമായി 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 ഭക്തര്‍ക്ക് സൗജന്യമായി ദുര്‍ഗാസപ്തശതി ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഏഴാം ദിനമായ ഒക്ടോബര്‍ 17 ശനിയാഴ്ച കാലരാത്രി ദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ സപ്തശതി ഹോമം നടക്കും. തുടര്‍ന്ന് സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണലൂര്‍ ഗോപിനാഥിന്റെ ശിക്ഷണത്തില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടക്കും. കേരളത്തിന്റെ തനതുകലാരൂപമായ ഓട്ടന്‍തുള്ളലിനെ പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ആദ്യമായി വേദിയിലെത്തുന്ന അരങ്ങേറ്റം നവശക്തി മഹായജ്ഞത്തിന്റെ സാംസ്‌കാരിക പരിപാടികളില്‍ ശ്രദ്ധേയമായ ഇനമാകും. ഇന്ന് ആത്മീയ സദസ്സ് കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

 

Leave a Reply

Your email address will not be published. Required fields are marked *