ഗുരുവായൂര്‍ സായി സഞ്ജീവനീമന്ദിരത്തില്‍ നവശക്തിമഹായജ്ഞം
നവശക്തിമഹായ ജ്ഞത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം
ഗുരുവായൂര്‍: മമ്മിയൂരിലെ ഷിര്‍ദ്ദി സായി മന്ദിരത്തില്‍, നവരാത്രി ആഘോഷം, നവശക്തി മഹായജ്ഞം, ഷിര്‍ദ്ദി സായിബാബ മഹാസമാധി ദിനാചരണം, മന്ദിര പ്രതിഷ്ഠാദിനാഘോഷം എന്നിവ ഒക്ടോബര്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഈ വര്‍ഷത്തെ നവരാത്രി ആചരണത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് നവശക്തിമഹായജ്ഞമാണ്. ത്രിഗുണാത്മികയായ ദേവിയുടെ ഒമ്പത് ഭാവങ്ങളാണ് ഒമ്പത് രാത്രികളില്‍ ആരാധിക്കപ്പെടുന്നത്. ഈ ഒമ്പത് ശക്തിഭാവങ്ങളെ ഭാവിച്ചുകൊണ്ട്, ദുര്‍ഗ്ഗാസപ്തശതിയിലെ മന്ത്രങ്ങള്‍ സഹിതമാണ് ഹോമങ്ങള്‍ നടത്തുക. ഭക്തര്‍ക്ക് വ്യക്തിഗത ഹോമകുണ്ഡങ്ങളില്‍ ഹോമം ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ഒമ്പത് ദിവസവും ദേവിയുടെ ഒമ്പത് ഭാവങ്ങളെ ആസ്പദമാക്കിയുള്ള ആരാധനയും ആത്മീയ സാധനകളും നടക്കും. ഇതോടൊപ്പം കലാപരിപാടികള്‍, പ്രത്യേക പൂമൂടല്‍, അന്നദാനം എന്നിവയും ഉണ്ടാകും. ഇത് സംബന്ധിച്ച ബ്രോഷര്‍ പ്രകാശനം, സത്സംഗം എന്നിവ സായിമന്ദിരത്തില്‍ നടന്നു.
സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി അരുണ്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക മുന്‍ എ.ഡി.ജി.പിയും നിലവില്‍ ബി.ജെ.പി. വക്താവുമായ ഭാസ്‌കര്‍ റാവു ഐ.പി.എസ്. ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.മൗനയോഗി സ്വാമി ഹരിനാരായണന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. കിരണ്‍ കുമാര്‍, വീരേന്ദ്ര കാമത്, രാധാകൃഷ്ണ ഹൊള്ള എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രവീല്‍ കെ.ആര്‍., കമാലുദ്ദീന്‍, ശശി മരുതയൂര്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി സബിത രഞ്ജിത് സ്വാഗതവും സതീഷ് ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.




