ഭാരതീയദര്‍ശനത്തില്‍ സ്ത്രീശക്തിക്ക് പരമോന്നതസ്ഥാനം: തന്ത്രി രാജേഷ് ശര്‍മ്മ
ഗുരുവായൂര്‍: ഭാരതീയ ദര്‍ശനങ്ങളിലും ആചാരപാരമ്പര്യങ്ങളിലും സ്ത്രീശക്തിക്ക് പരമോന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് തന്ത്രി രാജേഷ് ശര്‍മ്മ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദിക പദ്ധതിയില്‍ ഗായത്രിയും താന്ത്രിക പദ്ധതിയില്‍ ലളിതാംബികയും പരമമായ ദേവീസങ്കല്പ്പങ്ങളായി നിലകൊള്ളുന്നു. ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ’ എന്ന മഹത്തായ സന്ദേശമാണ് ഭാരതീയ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. ഒറ്റപ്പെട്ട പരാമര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഭാരതീയ ദര്‍ശനങ്ങളെ വിലയിരുത്തുന്നത് അതിന്റെ അന്തസ്സത്ത തിരിച്ചറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
നവശക്തി മഹായജ്ഞത്തിന്റെ അഞ്ചാം ദിനത്തില്‍ സ്കന്ദമാതാ ദേവീസങ്കല്‍പ്പത്തില്‍ സപ്തശതി ഹോമവും പഞ്ചമി തിഥിയുടെ പ്രത്യേകതയായി വിശേഷാല്‍ വാരാഹീ പൂജയും നടന്നു. സ്വന്തം വിജയത്തിനൊപ്പം മറ്റുള്ളവരെയും വളര്‍ത്തുന്നതാണ് യഥാര്‍ത്ഥ ആത്മീയപക്വതയെന്ന് യജ്ഞസന്ദേശം നല്കിയ മൗനയോഗി സ്വാമി ഹരിനാരായണന് പറഞ്ഞു. സ്കന്ദമാതാ ആരാധന നിസ്വാര്ത്ഥസ്നേഹത്തിന്റെയും പരിപോഷണത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. മറ്റുള്ളവരെ എന്നും ആശ്രിതരാക്കി നിര്‍ത്തുന്നതല്ല സ്നേഹം; സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുന്നതാണ്. വാരാഹീ ആരാധന സംരക്ഷണശക്തിയുടെ പ്രതീകമാണെന്നും സ്നേഹത്തോടൊപ്പം ധര്‍മ്മസംരക്ഷണത്തിനുള്ള ധൈര്യവും വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മഹായജ്ഞത്തില്‍ പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല വൈസ് പ്രസിഡന്റ് ഒ. ജഗന്നിവാസന്‍ ഹോമകുണ്ഡങ്ങളിലേക്ക് അഗ്നി പകര്‍ന്നു.
ഗിന്നസ് വത്സരാജ് ആചാര്യ മുഖ്യാതിഥിയായി പങ്കെടുത്തു. ആദര്‍ശ കുടുംബസഭ പ്രസിഡന്റ് ഐ. ആര്. അശോകന്, സബിത രഞ്ജിത് എന്നിവര്‍ സംസാരിച്ചു. 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 ഭക്തര്‍ക്ക് സൗജന്യമായി സപ്തശതി ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്. പഞ്ചമി തിഥിയോടനുബന്ധിച്ച് നടന്ന വിശേഷാല്‍ വാരാഹീ പൂജയില്‍ ഭക്തര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗുരുവായൂര്‍ ജ്യോതിദാസ് അവതരിപ്പിച്ച അഷ്ടപദി സമര്‍പ്പണം നടന്നു. ജ്യോതിദാസിനെ ചടങ്ങില്‍ ആദരിച്ചു. ആറാം ദിനമായ നാളെ കാത്യായനി ദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ സപ്തശതി ഹോമം നടക്കും. തുടര്‍ന്ന് അച്ഛന്മാരും മക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വീരനാട്യം അരങ്ങേറും.




