സ്ത്രീകള്‍ യജ്ഞകാര്‍മികരാകുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം: ഷാജി വരവൂര്‍
ഗുരുവായൂര്‍: പൂജകളിലും ഹോമങ്ങളിലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്ന ധാരണകളെ മറികടന്ന് അമ്മമാര്‍ യജ്ഞകാര്‍മികരായി മാറുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ ഷാജി വരവൂര്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവ ശക്തി ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരക്ഷിക്കപ്പെടേണ്ട എന്തിനെയും അമ്മയായി കാണുന്ന മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവശക്തി മഹായജ്ഞം നാലാം ദിനത്തില്‍ സൃഷ്ടിശക്തിയുടെയും ആത്മപ്രകാശത്തിന്റെയും പ്രതീകമായ കൂഷ്മാണ്ഡ ദേവിയെ ആവാഹിച്ച് വിശേഷാല്‍ സപ്തശതി ഹോമം നടന്നു. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹായജ്ഞത്തില്‍ പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു. ഇരുട്ടിനെക്കുറിച്ച് പരാതിപ്പെടുന്നതിനുപകരം ജീവിതത്തില്‍ വെളിച്ചം സൃഷ്ടിക്കാന്‍ മനുഷ്യന്‍ തയ്യാറാകണമെന്ന് യജ്ഞസന്ദേശം നല്‍കിയ മൗനയോഗി സ്വാമി ഹരിനാരായണന്‍ പറഞ്ഞു. കൂഷ്മാണ്ഡ ദേവീ ആരാധന മനുഷ്യനിലെ സൃഷ്ടിശക്തിയെ ഉണര്‍ത്തുന്നതിന്റെ പ്രതീകമാണ്. സ്വന്തം കഴിവുകള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നന്മയും പ്രതീക്ഷയും സൃഷ്ടിക്കാന്‍ വിനിയോഗിക്കുമ്പോഴാണ് ആത്മീയത സാര്‍ത്ഥകമാകുന്നത്. ലോകം നമുക്ക് എന്തു നല്‍കി എന്നതിലല്ല, നമ്മിലൂടെ ലോകത്തിന് എന്തു നന്മ സംഭവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
മഹായജ്ഞത്തിന്റെ ഭാഗമായി 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 ഭക്തര്‍ക്ക് സൗജന്യമായി ദുര്‍ഗാസപ്തശതി ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട് പ്രവീല്‍ കെ. ആര്‍., സബിത രഞ്ജിത്, സതീഷ് ഗുരുവായൂര്‍, ദിലീപ്ജി എന്നിവര്‍ നാലാം ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മുല്ലത്തറ ഭജനസമിതിയുടെ ഭജനസന്ധ്യ അരങ്ങേറി.അഞ്ചാം ദിനമായ ഒക്ടോബര്‍ 15 വ്യാഴാഴ്ച സ്‌കന്ദമാതാ ദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ സപ്തശതി ഹോമത്തോടൊപ്പം പഞ്ചമി തിഥിയുടെ പ്രത്യേകതയായി വാരാഹീ ദേവിയുടെ വിശേഷാല്‍ പൂജയും നടക്കും. സപ്തമാതൃക്കകളില്‍ പ്രധാനിയായ വാരാഹീ ദേവിയെ സംരക്ഷണശക്തിയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകമായാണ് ആരാധിക്കുന്നത്. നവശക്തി മഹായജ്ഞത്തിലെ അഞ്ചാം ദിന ചടങ്ങുകളില്‍ വാരാഹീ പൂജയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. തന്ത്രിക ആചാര്യന്‍ വി. ആര്‍. രാജേഷ് ശര്‍മ്മ ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്യും.ഗിന്നസ് വത്സരാജ് ആചാര്യ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ജ്യോതിദാസ് ഗുരുവായൂര്‍ അവതരിപ്പിക്കുന്ന അഷ്ടപദി സമര്‍പ്പണവും അരങ്ങേറും




