പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് സ്ത്രീശാക്തീകരണം: അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍

Spread the love

ഗുരുവായൂര്‍:അനുകൂല സാഹചര്യങ്ങളില്‍ മുന്നേറുന്നതിലല്ല, പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ അതിജീവിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന നവശക്തി മഹായജ്ഞത്തിന്റെ എട്ടാം ദിന ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏതൊരു സാഹചര്യത്തിലും ഉത്തരവാദിത്തങ്ങളെ ഈശ്വരപൂജയായി കണ്ട് നിര്‍വഹിക്കുമ്പോഴാണ് ജീവിതവിജയം കൈവരിക്കാനാവുക. കുടുംബത്തെയും സമൂഹത്തെയും നാടിനെയും നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് സ്ത്രീകള്‍ തിരിച്ചറിയണം. ‘എനിക്ക് ആരുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്’ എന്ന നിസ്സഹായതയില്‍നിന്ന് ‘എന്റെ ശക്തി ഞാന്‍ തന്നെയാണ്’ എന്ന ആത്മവിശ്വാസത്തിലേക്ക് ഓരോ സ്ത്രീയും ഉയരണം. മാതൃശക്തിയെ ആരാധിക്കുന്ന നവരാത്രി അതിനുള്ള പ്രചോദനമാകണമെന്നും അവര്‍ പറഞ്ഞു. എട്ടാം ദിനത്തില്‍ മഹാഗൗരി ദേവീസങ്കല്‍പ്പത്തില്‍ 27 ഹോമകുണ്ഡങ്ങളിലായി വിശേഷാല്‍ ദുര്‍ഗാസപ്തശതി ഹോമം നടന്നു. പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു.

മനസ്സിലെ അഹങ്കാരവും വിദ്വേഷവും ഉപേക്ഷിച്ച് ചിന്തകളിലും പ്രവൃത്തികളിലും നിര്‍മ്മലത കൈവരിക്കുന്നതാണ് മഹാഗൗരി ആരാധനയുടെ ആത്മീയസന്ദേശമെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ യജ്ഞസന്ദേശത്തില്‍ പറഞ്ഞു. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താനും പകയും അസൂയയും ഉപേക്ഷിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനും കഴിയുന്നതാണ് യഥാര്‍ത്ഥ ആത്മീയശുദ്ധീകരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധര്‍മ്മപ്രസാര്‍ പ്രമുഖ് ജിജേഷ് പട്ടേരി മുഖ്യാതിഥിയായി. അഡ്വ. മുള്ളത്ത് വേണുഗോപാല്‍, വിശ്വവിഷ്ണു പ്രതിഷ്ഠാന്‍ ആചാര്യന്‍ ദിലീപ്ജി, പ്രവീല്‍ കെ. ആര്‍., അരുണ്‍ നമ്പ്യാര്‍, സബിത രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
സായി സഞ്ജീവനിയുടെ നൃത്തകലാകേന്ദ്രമായ ‘രാധേയം – ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ്’ ലോഗോ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ‘അച്ഛന്മാരും മക്കളും’ ടീമിന്റെ വീരനാട്യം അരങ്ങേറി. പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് കലാപരിശീലനത്തിനുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാധേയം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒന്‍പതാം ദിനമായ ഒക്ടോബര്‍ 19 തിങ്കളാഴ്ച സിദ്ധിദാത്രി ദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ സപ്തശതി ഹോമം നടക്കും. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ആര്‍ദ്ര എം. ആനന്ദ്, സായി ലക്ഷ്മി എന്നിവരുടെ നൃത്താവതരണങ്ങളും ലക്ഷ്മി മഹേഷ് അവതരിപ്പിക്കുന്ന യോഗപ്രദര്‍ശനവും അരങ്ങേറും.

 

Leave a Reply

Your email address will not be published. Required fields are marked *