ദൈവം  മനുഷ്യന്റെ ഉള്ളില്‍ തന്നെയുണ്ട്: കാന്തല്ലൂര്‍ സ്വാമികള്‍.

Spread the love

ഗുരുവായൂര്‍: ഈശ്വരനെ മറ്റെവിടെയും അന്വേഷിച്ചു പോകേണ്ടതില്ലെന്നും നന്മയുടെ അംശമുള്ള ഓരോ മനുഷ്യന്റെയും ഉള്ളില്‍ ദിവ്യചൈതന്യം കുടികൊള്ളുന്നുണ്ടെന്നും കാന്തല്ലൂര്‍ സ്വാമി സുനില്‍ പരമേശ്വരന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി മഹായജ്ഞത്തില്‍ പങ്കെടുത്ത ഭക്തരോട ് സ്വന്തം ആത്മീയാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു സ്വാമിജി. മനുഷ്യന്റെ ഉള്ളിലെ തിന്മകളെയും അസുരഭാവങ്ങളെയും ഇല്ലാതാക്കി നന്മയിലേക്ക് നയിക്കുന്ന ശക്തിയാണ് ഈശ്വരചൈതന്യം. ജീവിതത്തിലെ പ്രതിസന്ധികളില്‍ ഉള്ളിലെ നന്മയാണ് ദൈവസാന്നിധ്യമായി തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിയോടൊപ്പം ധൈര്യവും കരുണയോടൊപ്പം ശക്തിയും വളര്‍ത്തുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് യജ്ഞസന്ദേശം നല്‍കിയ മൗനയോഗി സ്വാമി ഹരിനാരായണന്‍ പറഞ്ഞു. നവരാത്രിയുടെ ഒന്നാം ദിനത്തിലെ ശൈലപുത്രി ആരാധന സ്ഥിരതയും രണ്ടാം ദിനത്തിലെ ബ്രഹ്‌മചാരിണി ആരാധന തപസ്സും പഠിപ്പിക്കുമ്പോള്‍ മൂന്നാം ദിനത്തിലെ ചന്ദ്രഘണ്ട ആരാധന ധര്‍മ്മത്തിനുവേണ്ടി ഉറച്ചുനില്‍ക്കാനുള്ള ധൈര്യമാണ് പകരുന്നത്. എല്ലാ മൗനവും ആത്മീയതയല്ല. ചില മൗനങ്ങള്‍ വിവേകത്തിന്റെ അടയാളമാകുമ്പോള്‍ മറ്റു ചിലത് ഭയത്തിന്റെ ഒളിത്താവളങ്ങളാണ്. ക്ഷമയെന്നത് അനീതിയെ അംഗീകരിക്കലല്ലെന്നും ശബ്ദം ഉയര്‍ത്താതെ സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ധൈര്യമെന്നും അദ്ദേഹം വ്യക്തമാക്കി. നവശക്തി മഹായജ്ഞത്തിന്റെ മൂന്നാം ദിനത്തില്‍ 27 ഹോമകുണ്ഡങ്ങളില്‍ ദുര്‍ഗാസപ്തശതി മന്ത്രങ്ങള്‍ മുഴങ്ങി. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന മഹായജ്ഞത്തില്‍ നവദുര്‍ഗയുടെ മൂന്നാം ഭാവമായ ചന്ദ്രഘണ്ട ദേവിയെ സങ്കല്‍പ്പിച്ച് വിശേഷാല്‍ ഹോമം നടത്തി. പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു.
ചടങ്ങില്‍ കല സുനില്‍ പരമേശ്വരന്‍, ഹേന ബഹുലേയന്‍, അഡ്വ. മുള്ളത്ത് വേണുഗോപാല്‍, വിശ്വവിഷ്ണു പ്രതിഷ്ഠാനാചാര്യന്‍ ദിലീപ്ജി, പ്രവീല്‍ കെ. ആര്‍., അരുണ്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ശിവധാര അവതരിപ്പിച്ച വീരനാട്യം അരങ്ങേറി. മഹായജ്ഞത്തിന്റെ ഭാഗമായി സജ്ജീകരിച്ച 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 ഭക്തര്‍ക്ക് ദുര്‍ഗാസപ്തശതി ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്. പൂര്‍ണമായും സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് ഭക്തര്‍ക്ക് ഹോമത്തില്‍ പങ്കാളികളാകാം. നവരാത്രിയിലെ ഒന്‍പത് ദേവീഭാവങ്ങളെ ആസ്പദമാക്കി നടക്കുന്ന വിശേഷാല്‍ ഹോമങ്ങളും ആത്മീയപ്രഭാഷണങ്ങളും കലാപരിപാടികളും മഹായജ്ഞത്തിന്റെ പ്രത്യേകതയാണ്. നാലാം ദിനമായ ഒക്ടോബര്‍ 14 ബുധനാഴ്ച സൃഷ്ടിശക്തിയുടെയും ആത്മപ്രകാശത്തിന്റെയും പ്രതീകമായ കൂഷ്മാണ്ഡദേവീസങ്കല്‍പ്പത്തില്‍ വിശേഷാല്‍ സപ്തശതി ഹോമം നടക്കും. തുടര്‍ന്ന് മുല്ലത്തറ ഭജന സംഘം അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *