ആഗ്രഹങ്ങളെ തപസ്സാക്കുന്നതാണ് ആത്മീയത: മൗനയോഗി സ്വാമി ഹരിനാരായണന്
ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹങ്ങള്‍ മാത്രം പോരെന്നും അവയെ നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും തപസ്സാക്കി മാറ്റണമെന്നും മൗനയോഗി സ്വാമി ഹരിനാരായണന് പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന നവശക്തി മഹായജ്ഞത്തിന്റെ രണ്ടാം ദിനത്തില്‍ യജ്ഞസന്ദേശം നല്‍കുകയായിരുന്നു സ്വാമിജി.ദേവിയെ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ ഹോമകുണ്ഡത്തില്‍ ആവാഹിച്ച് ദുര്‍ഗാസപ്തശതി മന്ത്രങ്ങളാല്‍ ഹോമം നടത്തി. പഴങ്ങാപറമ്പ് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി കാര്‍മികത്വം വഹിച്ചു. ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ഹോമകുണ്ഡങ്ങളിലേക്ക് അഗ്നി പകര്‍ന്നു. നവരാത്രി എന്നത് കേവലം ഒന്‍പത് ദിവസത്തെ ദേവീപൂജ മാത്രമല്ല, മനുഷ്യനെ വിജയത്തിന് യോഗ്യനാക്കുന്ന ഒന്‍പത് ഘട്ടങ്ങളുള്ള ആത്മീയ പരിശീലനമാണതെന്ന് സാധു കൃഷ്ണാനന്ദസരസ്വതി തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ഒന്നാം ദിനത്തിലെ ശൈലപുത്രി ആരാധന ജീവിതത്തിന് ഉറച്ച അടിത്തറ സൃഷ്ടിക്കാന്‍ പഠിപ്പിക്കുമ്പോള്‍ രണ്ടാം ദിനത്തിലെ ബ്രഹ്മചാരിണി ആരാധന ആ അടിത്തറയെ നിരന്തരമായ സാധനയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നു. ആഗ്രഹം ഭാവിയില്‍ ജീവിക്കുമ്പോള്‍ തപസ്സ് വര്‍ത്തമാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ആഗ്രഹങ്ങളുടെ അടിമയായ മനസ്സിനെ വിവേകത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ ആത്മീയവിജയമെന്നും സാധു കൃഷ്ണനന്ദ സരസ്വതി പറഞ്ഞു.
നവശക്തി മഹായജ്ഞം രണ്ടാം ദിനത്തില്‍ ബ്രഹ്മചാരിണി ആരാധന 27 ഹോമകുണ്ഡങ്ങളിലായി സപ്തശതി ഹോമം മന്ത്രോച്ചാരണത്തോടെ നടന്നു.വിശ്വവിഷ്ണു പ്രതിഷ്ഠാനാചാര്യന് ദിലീപ്ജി, മണലൂര്‍ ഗോപിനാഥ്, മുരളി ടി. പി. എന്നിവര്‍ സംസാരിച്ചു. ടെലിവിഷന്‍ സീരിയല്‍ കലാകാരി പ്രഭ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രസ്റ്റിമാരായ സബിത രഞ്ജിത്, അരുണ്‍ നമ്പ്യാര്‍, ജിജീഷ് എന്‍. വി. പ്രവില്‍ കെ. ആര്, സായിശ്രി മേനോന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ആത്മീയ ചടങ്ങുകള്‍ക്ക് ശേഷം ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച സംഗീതക്കച്ചേരി അരങ്ങേറിമഹായജ്ഞത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 പേര്‍ക്ക് നേരിട്ട് സപ്തശതി ഹോമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഭക്തര്‍ക്ക് തികച്ചും സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് ഹോമത്തില്‍ പങ്കാളികളാകാം. നവരാത്രിയിലെ ഒന്‍പത് ദേവീഭാവങ്ങളെ ആസ്പദമാക്കിയുള്ള ആരാധനയും സപ്തശതി ഹോമവും മഹായജ്ഞത്തിന്റെ പ്രത്യേകതയാണ്.
.




