നവശക്തി മഹായജ്ഞത്തിന് തുടക്കമായി
ദുര്‍ഗാസപ്തശതി ഹോമം പ്രധാന ആകര്‍ഷണമായി മാറി
ഗുരുവായൂര്‍: സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടത്തുന്ന നവശക്തി മഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി. നവരാത്രി ആഘോഷം, ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധിദിനം, സായി മന്ദിരത്തിന്റെ പ്രതിഷ്ഠാദിനം എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ആത്മീയ-സാംസ്കാരിക മഹോത്സവത്തിന്റെ ഉദ്ഘാടനം വിജി തമ്പി നിര്‍വഹിച്ചു.മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ മുഖ്യാതിഥിയായി. മൗനയോഗി സ്വാമി ഹരിനാരായണന് അനുഗ്രഹപ്രഭാഷണം നടത്തി.ശക്തിയാരാധനയുടെ ആത്മീയതയും യജ്ഞസംസ്കാരത്തിന്റെ മഹത്വവും വിളിച്ചോതിയ ചടങ്ങില്‍ 27 ഹോമകുണ്ഡങ്ങളിലായി 108 സാധകര്‍ ഒരേസമയം പങ്കെടുത്ത ദുര്‍ഗാസപ്തശതി ഹോമം പ്രധാന ആകര്‍ഷണമായി മാറി. വേദമന്ത്രധ്വനികളും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന മഹായജ്ഞത്തിന് നന്ദകുമാര്‍ നമ്പൂതിരി യജ്ഞാചാര്യനായി നേതൃത്വം നല്കി.നവരാത്രിയെ കേവലം ദേവീപൂജയുടെ ആഘോഷമായി കാണാതെ മനുഷ്യന്റെ ഉള്ളിലെ അജ്ഞാനത്തെയും ഭയത്തെയും അഹങ്കാരത്തെയും അതിജീവിച്ച് ആത്മശക്തിയിലേക്ക് ഉയരാനുള്ള സാധനയായി അവതരിപ്പിക്കുകയാണ് നവശക്തി മഹായജ്ഞത്തിന്റെ ലക്ഷ്യം. ഒന്‍പത് ദേവീഭാവങ്ങളിലൂടെ ധൈര്യം, ആത്മനിയന്ത്രണം, വിവേകം, കരുണ, ജ്ഞാനം തുടങ്ങിയ ജീവിതമൂല്യങ്ങള്‍ സമൂഹത്തിലേക്ക് പകരുന്നതാണ് മഹോത്സവത്തിന്റെ ആത്മീയ സന്ദേശം.
കൗണ്‍സിലര്‍ ബിന്ദു നാരായണന്,അഡ്വ.രവി ചങ്കത്ത്,
പ്രവീല്‍ കെ. ആര്., സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റീ സബിത രഞ്ജിത്, എക്സിക്യൂട്ടീവ് ട്രസ്റ്റീ അരുണ്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സായി ശങ്കരി സമിതി അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷങ്ങള്‍ക്ക് കലാപരമായ മിഴിവേകി. ഒക്ടോബര്‍ 20 വരെ ദിവസവും വൈകിട്ട് 4.30 മുതല്‍ 7.30 വരെ ദുര്‍ഗാസപ്തശതി മന്ത്രഹോമവും തുടര്‍ന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കും. ദേവിയുടെ ഒന്‍പത് ഭാവങ്ങളിലുള്ള ആരാധന, വിശേഷാല്‍ പൂജകള്‍, പൂമൂടല്‍, ഭജന, അന്നദാനം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമാണ്.ആരാധനയിലൂടെ ആത്മപരിവര്‍ത്തനവും ആത്മപരിവര്ത്തനത്തിലൂടെ മനുഷ്യസേവനവും എന്ന സന്ദേശമുയര്‍ത്തുന്ന നവശക്തി മഹായജ്ഞത്തില്‍ എല്ലാ ഭക്തജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.




